കേരളം സമാനതകളില്ലാത്ത വരള്‍ച്ചാ ഭീഷണിയിലെന്ന് റവന്യൂമന്ത്രി
തിരുവനന്തപുരം: സമാനതകളില്ലാത്ത വരള്‍ച്ചാഭീഷണിയിലാണ് കേരളമെന്നും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയായിരിക്കും നേരിടാന്‍ പോകുന്നതെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്. ചട്ടം 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ചയെക്കുറിച്ച് റവന്യൂമന്ത്രി വിശദീകരിച്ചത്. ഇക്കഴിഞ്ഞ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ ലഭിച്ച മഴ 34 ശതമാനം കുറവായിരുന്നു.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ സാധാരണതോതില്‍ ലഭിക്കുമെന്നും പ്രതിസന്ധി ഒഴിവാകുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, തുലാവര്‍ഷമഴ പ്രതീക്ഷക്കനുസരിച്ച് ലഭിച്ചില്ലെന്ന് മാത്രമല്ല, മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 62 ശതമാനം കുറവുമായിരുന്നു. ഇത് കണക്കുകൂട്ടലുകള്‍ തെറ്റിച്ച് രൂക്ഷമായ പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ എത്തിച്ചു. വരള്‍ച്ചയെത്തുടര്‍ന്ന് കാര്ഷികമേഖയിലുണ്ടായ നാശനഷ്ടം 225 കോടി രൂപയാണ്. 3,0353 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. നെല്‍കൃഷിക്കാണ് ഏറ്റവും കൂടുതല്‍ ആഘാതമുണ്ടായത്.
കര്‍ഷകര്‍ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്ക് 2017 മെയ് 31വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.
വരള്‍ച്ചയുടെ കാഠിന്യം കൂടുന്തോറും കുടിവെള്ള ലഭ്യതയും കുറയുകയാണ്. ജനുവരി 17ലെ കണക്കുപ്രകാരം സംസ്ഥാനത്തെ റിസര്‍വോയറുകളില്‍ 44 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. ഭൂഗര്‍ഭജലനിരപ്പ് രണ്ടുമുതല്‍ രണ്ടര മീറ്റര്‍വരെ താഴ്ന്നു. അതീവഗുരുതരമായ സാഹചര്യമാണിതെന്ന് മന്ത്രി വ്യക്തമാക്കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."