ശമ്പളമില്ലാതെ വലഞ്ഞ മുംബൈക്കാരിക്ക് തുണയായി മലയാളികള്‍
ദമാം: സ്പോണ്സര് ഏഴു മാസത്തോളം ശമ്പളം നല്കാത്തതിനാല് ദുരിതത്തിലായ ഇന്ത്യക്കാരിക്ക് മലയാളികള്‍ തുണയായി. സഊദിയിലെ ഹഫര്‍ അല്‍ ബാത്വിനില്‍ സഊദിയുടെ വീട്ടില്‍ ജോലിക്കെത്തിയ മുംബൈ സ്വദേശിനിയായ ഫര്‍സാന പട്ടേല്‍ ആണ് ദുരിതക്കയത്തില്‍ നിന്നും മോചിതയായത്. മൂന്നു വര്‍ഷം മുന്‍പ് ഇവിടെയെത്തിയ ഇവര്‍ക്ക് തുടര്‍ച്ചയായി ശമ്പളം ലഭിക്കാതായതോടെ ദുരിതത്തിലായ ഇവര്‍ക്ക് ഒടുവില്‍ മലയാളി സാമൂഹ്യ പ്രവര്‍ത്തകരാണ് തുണയായത്.
മൂന്നു വര്‍ഷമായിട്ട് നാട്ടിലേക്ക് പോകാന്‍ അനുവാദം പോലും നല്‍കാതിരുന്നത് യുവതിയെ കൂടുതല്‍ തളര്‍ത്തിയിരുന്നു. കൃത്യമായ ശമ്പളം ലഭിക്കാതായതോടെ ദുരിതം ഇരട്ടിച്ചു. ഇതിന്റെ പേരില്‍ സ്പോണ്സറുമായി പലപ്പോഴും തര്ക്കിച്ചിട്ടും ഫലമുണ്ടായില്ല. ഏഴുമാസത്തിലധികം ശമ്പളം കുടിശ്ശികയായപ്പോള്‍ ഫര്‍സാന വീട് വിട്ടിറങ്ങി അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞതിനെ തുടര്‍ന്ന് പൊലിസ് ഇവരെ ദമാമിലെ വനിത അഭയകേന്ദ്രത്തില്‍ എത്തിച്ചു.
ഇവിടെ വച്ചാണ് മലയാളി സാമൂഹ്യ പ്രവര്‍ത്തകയായ മഞ്ചു മണികുട്ടന് പ്രശ്നത്തില്‍ ഇടപെട്ടത്. ഫര്‍സാനയുടെ കഥ മനസിലാക്കിയ ഇവര്‍ ഫര്‍സാനയുടെ സ്പോണ്സറുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ ഫലം കണ്ടിരുന്നില്ല. തുടര്‍ച്ചയായ ശ്രമങ്ങളെ തുടര്‍ന്ന് ഒടുവില്‍ സമ്മതിക്കുകയും ഒത്തുതീര്‍പ്പ് അനുസരിച്ച്, കുടിശ്ശികയായ ഏഴു മാസത്തെ ശമ്പളവും, ഫൈനല്‍ എക്സിറ്റ് അടിച്ച പാസ്സ്പോര്ട്ടും സ്പോണ്സര് കൈമാറുകയും ചെയ്തു. ഒടുവില്‍ പഞ്ചാബി സാമൂഹ്യപ്രവര്‍ത്തകനായ ലോവല്‍ വാഡന്‍ ഫര്‍സാനയ്ക്ക് വിമാനടിക്കറ്റ് നല്‍കിയതോടെ ഫര്‍സാന നാട്ടിലേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."