HOME
DETAILS
MAL
'ഞങ്ങള്‍ ഫലസ്തീനൊപ്പം '
backup
February 15 2020 | 04:02 AM
റിയാദ്: ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി സഊദി വിദേശകാര്യ മന്ത്രാലയം. ഇസ്റാഈലും സഊദി അറേബ്യയും തമ്മില്‍ ഒരു കൂടിക്കാഴ്ചയ്ക്കും തീരുമാനമായിട്ടില്ലെന്നു സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് അറിയിച്ചു. സഊദി വാര്‍ത്താ ഏജന്‍സിയായ അല്‍ അറേബ്യ ഇംഗ്ലീഷിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഈ പ്രശ്നങ്ങളുടെ തുടക്കം മുതല്‍ സഊദിയുടെ നയം വ്യക്തമാണ്. ഇസ്റാഈലുമായി സഊദി അറേബ്യയ്ക്കു യാതൊരു ബന്ധവുമില്ല. സഊദി ഫലസ്തീനിനു പിന്നില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.എസിന്റെ മധ്യസ്ഥതയില്‍ നെതന്യാഹുവും മുഹമ്മദ് ബിന്‍ സല്‍മാനും കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഫെബ്രുവരി ആദ്യവാരമാണ് പുറത്തുവന്നത്. മാര്‍ച്ചില്‍ ഈജിപ്തിലെ കെയ്റോയില്‍ നടക്കുന്ന അറബ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ നെതന്യാഹുവും മുഹമ്മദ് ബിന്‍ സല്‍മാനും കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇറാനെ എതിര്‍ക്കുന്ന കാര്യത്തില്‍ സഊദി ഇസ്റാഈലിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും 1967ലെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത ഭൂമിയില്‍നിന്ന് ഇസ്റാഈല്‍ പിന്മാറണമെന്ന ആവശ്യത്തില്‍നിന്നു സഊദി അറേബ്യ പിന്നോട്ടുപോയിട്ടില്ല. എന്നാല്‍, സഊദി, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഇസ്റാഈലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."