ആരെയും കാണിക്കാത്തതാണ് പ്രേമഭാജനത്തിനുവേണ്ടത്
മുഹമ്മദ്#
അതാണു പണ്ഡിതനായ ദാവൂദ് ബിന്‍ അബീഹിന്ദ്. നാല്‍പതു വര്‍ഷം അതീവ രഹസ്യമായി വ്രതമനുഷ്ഠിച്ച മഹാന്‍. സ്വന്തം വീട്ടുകാരെ പോലും അതറിയിച്ചിരുന്നില്ലെന്നാണു ചരിത്രം പറയുന്നത്. നിത്യവും രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഭക്ഷണപ്പൊതി കൂടെ കരുതും... എന്നിട്ടു വഴിക്കുവച്ച് അതാര്‍ക്കെങ്കിലും ദാനം ചെയ്യും.
കൊണ്ടുപോകുന്ന ഭക്ഷണപ്പൊതി ജോലിസ്ഥലത്തുവച്ചു കഴിക്കുമെന്നാണു വീട്ടുകാര്‍ കരുതുക. വീട്ടില്‍നിന്നു കഴിച്ചുവരികയായിരിക്കുമെന്നാണു നാട്ടുകാരും കരുതുക. ഈ രണ്ടു കരുതലുകള്‍ക്കിടയില്‍ അദ്ദേഹം ആ രഹസ്യം പരസ്യമാവാതിരിക്കാന്‍ പരമാവധി കരുതി. അങ്ങനെ അക്കാര്യം വിജയകരമാക്കിയതു നാല്‍പതു വര്‍ഷം..!
അനുരാഗഭാജനത്തിനു സമര്‍പ്പിക്കാനൊരുക്കിവച്ച സമ്മാനപ്പൊതി തോന്നിയവര്‍ക്കെല്ലാം തുറന്നുകാണിക്കുന്ന അനുരാഗി യഥാര്‍ഥ അനുരാഗിയല്ലെന്നാണ്. ഹൃദയനാഥനായ ദൈവത്തിനു സമര്‍പ്പിക്കാന്‍ വച്ച ആരാധനാകര്‍മം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കാണിച്ചുകൊടുക്കുന്ന ആരാധകന്‍ യഥാര്‍ഥ ആരാധകനല്ല. കാര്യപ്പെട്ടതു കാര്യപ്പെട്ടവര്‍ക്കേ കാണിക്കാവൂ.. കാര്യപ്പെടാത്തവര്‍ക്കും കാണിച്ചുകൊടുത്താല്‍ കാര്യപ്പെട്ടത് അങ്ങനെയല്ലാതായി മാറും.
കാമുകിക്കെഴുതിയ കത്ത് കാമുകി മാത്രമേ കാണാവൂ. പ്രേമഭാജനത്തിനയച്ച ശബ്ദസന്ദേശം പ്രേമഭാജനം മാത്രമേ കേള്‍ക്കാവൂ. നാട്ടുകാരെ മുഴുവന്‍ കാണിച്ച ശേഷമാണു പ്രേമലേഖനം നിങ്ങള്‍ കാമുകിക്കു സമര്‍പ്പിക്കുന്നതെങ്കില്‍ അതിനുണ്ടോ വല്ല വിലയും? കാമുകി അതു സ്വീകരിക്കുമോ? എല്ലാവരെയും കേള്‍പ്പിച്ച ശേഷമാണു നിങ്ങള്‍ നിങ്ങളുടെ ശബ്ദസന്ദേശം പ്രേമഭാജനത്തിനു കൈമാറുന്നതെങ്കില്‍ അതു കേള്‍ക്കാന്‍ പ്രേമഭാജനം താല്‍പര്യപ്പെടുമോ?
ആദ്യം സൃഷ്ടികള്‍ക്കു കാണിക്കുക. പിന്നെ സ്രഷ്ടാവിനു സമര്‍പ്പിക്കുക..!ആരാധനകളില്‍ സാധാരണ ഈ രീതിയാണു കാണപ്പെടാറുള്ളത്. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന ഏര്‍പ്പാടാണത്. സ്രഷ്ടാവിനോടു കാണിക്കുന്ന അനാദരവായിവരെ അതു ഗണിക്കപ്പെടും. സ്രഷ്ടാവിനു സമര്‍പ്പിക്കാനുള്ളതു സ്രഷ്ടാവിനു തന്നെ സമര്‍പ്പിക്കണം. അതിനുമുന്‍പ് മറ്റാരെങ്കിലും കണ്ടുപോകുന്നതിനു വിരോധമില്ല, പക്ഷേ, അവരെ കാണിക്കരുത്..
കണ്ടുകഴിഞ്ഞത് പഴകിയതാണെന്നാണല്ലോ. ഒരുവട്ടം കാണിച്ചാല്‍ അതു പഴകി. പലവട്ടം കാണിച്ചാല്‍ പഴകിപ്പുളിച്ചു. കാണിക്കാതെ വയ്ക്കുന്ന കാലമത്രെയും പുതുമയില്‍തന്നെയായിരിക്കും വസ്തു. പ്രേമഭാജനത്തിനു സമര്‍പ്പിക്കേണ്ടതു കണ്ടുപഴകിയ സാധനമല്ല, പുതുപുത്തന്‍ സമ്മാനമായിരിക്കണം. സ്രഷ്ടാവിനു കാണിക്ക വയ്‌ക്കേണ്ടതു പലരെയും കാണിച്ചതല്ല, ആരെയും കാണിക്കാത്തതായിരിക്കണം.
എല്ലാവരെയും കാണിച്ചതിനെക്കാള്‍ ആരെയും കാണിക്കാത്തതിനായിരിക്കും വിലയും മൂല്യവുമുണ്ടാവുക. കാണിച്ചതിന്റെ വില കാണിക്കലോടെ തീരും. കാണിക്കാത്തതിന്റെ വില കാണിക്കാത്തിടത്തോളം നിലനില്‍ക്കും.
ഇമാം അലി ബിന്‍ ഹസന്‍ ഒരിക്കല്‍ രാത്രിനിസ്‌കാരത്തിനു നേതൃത്വം നല്‍കുകയായിരുന്നു. പിന്നില്‍ ഇമാം അബൂഹനീഫയുമുണ്ട്. നിസ്‌കാരം കഴിഞ്ഞു ജനങ്ങളെല്ലാം പിരിഞ്ഞുപോയി. പക്ഷേ, മഹാനവര്‍കള്‍ അവിടെ തന്നെ ഇരുന്നു. കാര്യമായ എന്തോ ചിന്തിച്ചുകൊണ്ടുള്ള ഒരു ഇരിപ്പ്. കൂഫക്കാരനായ യസീദ് ബിന്‍ കുമൈത്ത് ആ രംഗം രഹസ്യമായി നോക്കിനിന്നു. കുറച്ചുകഴിഞ്ഞ് അദ്ദേഹം അവിടെനിന്ന് എഴുന്നേറ്റുപോവുകയും ചെയ്തു. ആ സമയത്ത് കത്തിച്ചുവച്ച വിളക്ക് അണച്ചിട്ടുണ്ടായിരുന്നില്ല. അതിലാണെങ്കില്‍ എണ്ണ തീരാറായിട്ടുമുണ്ട്. പരിസരബോധമില്ലാതെ ഇമാം ഏതോ ചിന്താലോകത്ത് മുഴുകിയിരിക്കുന്നു. അങ്ങനെ പ്രഭാതമായി. യസീദ് മടങ്ങിവന്നു. നോക്കുമ്പോള്‍ അതിശയിപ്പിക്കുന്ന കാഴ്ച...!! ഇരുകാലില്‍ നില്‍പ്പുറപ്പിച്ച് താടി കൈപിടിയിലൊതുക്കി അദ്ദേഹം നിറക്കണ്ണോടെ ഇങ്ങനെ പ്രാര്‍ഥിക്കുകയാണ്:
''അണുമണിത്തൂക്കം നന്മയ്ക്കു നന്മ ചൊരിയുന്നവനേ... അണുമണിത്തൂക്കം തിന്മയ്ക്കു തിന്മ ചൊരിയുന്നവനേ... നിന്റെ പാവം അടിമ, നുഅ്മാനിനു നീ നരകമോചനം പ്രധാനം ചെയ്യേണമേ... കാരുണ്യവാന്മാരില്‍വച്ചേറ്റം കരുണചെയ്യുന്നവനേ, നിന്റെ പ്രവിശാലമായ കരുണക്കടലിലേക്ക് ഈ പാവത്തിനും നീ പ്രവേശനം അനുവദിക്കേണമേ..''
പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ യസീദ് ഇമാമിന്റെ അടുത്തേക്കു ചെന്നു. വിളക്ക് അപ്പോഴും മുനിഞ്ഞുകത്തുന്നുണ്ടായിരുന്നു. യസീദിനെ കണ്ടപ്പോള്‍ ഇമാം ചോദിച്ചു:
''വിളക്കെടുക്കാന്‍ വന്നതായിരിക്കുമല്ലേ.''
അപ്പോള്‍ ഒരിളം പുഞ്ചിരി ചുണ്ടിലൊതുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:
''രാത്രി കഴിഞ്ഞിരിക്കുന്നു. പതിവു പോലെ സ്വുബ്ഹി ബാങ്കും കൊടുത്തു.''
തന്റെ പ്രണയനാഥനുമായുള്ള സംഭാഷണത്തില്‍ ലയിച്ചതുകാരണം സമയം പോയതറിഞ്ഞിരുന്നില്ല. അത്യുച്ഛത്തിലുള്ള ബാങ്കു പോലും കേട്ടില്ല..!
ഇമാം കരുതി; രാത്രി മുഴുവന്‍ ഇദ്ദേഹം തന്നെ നിരീക്ഷിച്ചിട്ടുണ്ടായിരിക്കുമെന്ന്. ഇതു പുറംലോകമറിയരുത്. ആളുകള്‍ പള്ളിയിലേക്കു വന്നുകൂടുന്നതിനുമുന്‍പേ ഇമാം അദ്ദേഹത്തെ വിളിച്ചു സഗൗരവം ഉണര്‍ത്തി.
''ഒന്നും പുറത്തുപറയരുത്.''
ചെയ്തുപോയ തിന്മ ആരും സ്വയം അങ്ങാടിപ്പാട്ടാക്കില്ല. അങ്ങനെ പരസ്യമാവാന്‍ ആരും ഇഷ്ടപ്പെടുകയുമില്ല. ചെയ്ത നന്മകളും അങ്ങാടിപ്പാട്ടാക്കരുത്. രഹസ്യമായി ചെയ്യുന്ന നന്മകള്‍ക്കു പരസ്യമായി ചെയ്യുന്ന നന്മകളെക്കാള്‍ മഹത്വമുണ്ട്. രഹസ്യത്തില്‍ ചെയ്യുന്നത് പ്രേമഭാജനത്തിനു മാത്രമേയാകൂ. പരസ്യമായി ചെയ്യുമ്പോള്‍ അതു മറ്റുള്ളവര്‍ക്കു കൂടിയാവാന്‍ സാധ്യത കൂടുതലാണ്. സമ്മാനപ്പൊതിയില്‍ ചെറിയൊരു കീറല്‍പോലും കാണപ്പെടരുത്. തുറന്നുനോക്കിയതിന്റെ നേരിയ ലക്ഷണംപോലും പ്രേമഭാജനത്തിന്റെ അനിഷ്ടം സമ്പാദിക്കാന്‍ കാരണമാകും.
അഴിച്ചുനോക്കിയതിന്റെ ചെറിയ അടയാളംപോലും കാണപ്പെടാത്ത സമ്മാനപ്പൊതികളായിരിക്കട്ടെ നമ്മുടെ പുണ്യപ്രവൃത്തികളെല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."