ബഹ്‌റൈന്‍ കെ.എം.സി.സി. 40ാം വാര്‍ഷികാഘോഷം വെള്ളിയാഴ്ച; പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും
ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി 40ാം വാര്‍ഷികാഘോഷം ജനുവരി 25 മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
വെള്ളിയാഴ്ച വൈകിട്ട് 6.30ന് മനാമ അല്‍റജാഹ് സ്‌കൂളില്‍ നടക്കുന്ന വാര്‍ഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും.
'സമര്‍പ്പിത സംഘബോധത്തിന്റെ നാല്‍പതാണ്ട്' എന്ന ശീര്‍ഷകത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് നിരവധി ജീവകാരുണ്യ, ക്ഷേമപദ്ധതികള്‍ക്ക് തുടക്കം കുറിക്കും. വാര്‍ഷികാഘോഷങ്ങളുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംഘാടകര്‍ അറിയിച്ചു.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപീകൃതമായ കെ.എം.സി.സി. ഇതിനകം ബഹ്‌റൈന്‍ ഗവണ്‍മെന്റിന്റെ അംഗീകാരം നേടുകയും ബഹ്‌റൈന്‍ പ്രവാസികള്‍ക്കിടയിലും ഇതര പ്രവാസി സംഘടനകള്‍ക്കിടയിലും ശ്രദ്ധേയകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയും ചെയ്തിട്ടുണ്ട്. കെ.എം.സി.സി. ബഹ്‌റൈന്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈനിലെ പ്രവാസി സംഘടനകളില്‍ നിന്നും നാട്ടില്‍ നിന്നും നിരവധി അംഗീകാരങ്ങള്‍ നേടുവാന്‍ കഴിഞ്ഞു. ഏറ്റവും അവസാനമായി സിംസ് ബഹ്‌റൈന്‍ നല്‍കിയ അവാര്‍ഡ് ശ്രദ്ധേയമാണ്. സംഘാടകര്‍ വ്യക്തമാക്കി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ക്ഷേമപദ്ധതികളുടെയും സംഘാടനത്തില്‍ ഇതര ജി.സി.സി. രാഷ്ട്രങ്ങളിലെ കെ.എം.സി.സി.യില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കെ.എം.സി.സി. ബഹ്‌റൈന്‍. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ സ്വന്തമായി ഒരു വീട് വയ്ക്കാന്‍ പോലും സാധ്യമല്ലാതെ വരുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി ബഹ്‌റൈന്‍ കെ.എം.സി.സി നല്‍കുന്ന 'പ്രവാസി ബൈത്തുറഹ്മ' ഭവന പദ്ധതിയില്‍ ഇതിനോടകം 36 ബൈത്തുറഹ്മ വീടുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. ഇനി ഏതാനും വീടുകളുടെ പണി നടക്കാനിരിക്കുകയാണ്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം ഓരോ ബഹ്‌റൈന്‍ ദേശീയ ദിനത്തിലും 'അന്നം നല്‍കുന്ന നാടിനു ജീവരക്തം സമ്മാനം 'എന്ന പേരില്‍ മൂവായിരത്തിലധികം പേര്‍ക്ക് രക്തം ദാനം ചെയ്തു കഴിഞ്ഞു. 'ജീവ സ്പര്‍ശം രക്ത ദാന പദ്ധതി' ക്ക് അധികൃതരുടെ നിരവധി പുരസ്‌കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇ.അഹമ്മദ് സാഹിബിന്റെ പേരില്‍ കോഴിക്കോട് സി.എച്ച്. സെന്ററിന് 30 ലക്ഷം രൂപ വിലവരുന്ന ഐ.സി.യു.ആംബുലന്‍സ്, കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ആവശ്യമുള്ള കിണര്‍ നിര്‍മ്മിച്ച് നല്‍കുന്ന ജീവജലം കുടിവെള്ള പദ്ധതി , വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി ആവശ്യമായ പഠനോപകരണങ്ങളും സാമ്പത്തിക സഹായങ്ങളും ചെയ്തു നല്‍കുന്ന വിദ്യാഭ്യാസ സഹായ പദ്ധതി , വിവാഹാവശ്യത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന വിവാഹ സഹായ പദ്ധതി, മരണാനന്തര ആനുകൂല്യമായി കുടുംബത്തിന് നാല് ലക്ഷം രൂപ ലഭിക്കുന്ന അല്‍അമാന സാമൂഹ്യസുരക്ഷാപദ്ധതി, ഇ.അഹമ്മദ് സാഹിബിന്റെ സ്മരണാര്‍ഥമുള്ള 'സ്‌നേഹതീരം പെന്‍ഷന്‍ പദ്ധതി' തുടങ്ങി നിരവധി ജീവകാരുണ്യ പദ്ധതികളാണ് നടത്തിവരുന്നത്.. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ഈ ഒരു വര്‍ഷം ചെയ്തുതീര്‍ക്കും.മാത്രമല്ല ,കേരളത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കെ.എം.സി.സി ബഹ്‌റൈന്‍ നടത്തിവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
മനാമ അല്‍റജാഹ് സ്‌കൂളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഉദ്ഘാടകനായ പി.കെ.കുഞ്ഞാലിക്കുട്ടി എം.പിക്കു പുറമെ, അറബ് പ്രമുഖര്‍ ,ബഹ് റൈനിലെ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. കൊല്ലം ഷാഫി, റിയാലിറ്റി ഷോ ഫെയീം കുമാരി യുംന എന്നിവര്‍ നയിക്കുന്ന മെഹ്ഫില്‍ നിലാവും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍, കെ എം സി സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീല്‍,ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, സംസ്ഥാന ഭാരവാഹികളായ,ടി.പി.മുഹമ്മദലി,ഷംസുദീന്‍ വെള്ളിക്കുളങ്ങര, കെ.പി.മുസ്തഫ , കെ.കെ.സി.മുനീര്‍, സ്വാഗത സംഘം ചെയര്‍മാന്‍ ഹബീബ് റഹ്മാന്‍, പ്രോഗ്രാം ചീഫ് കോഓര്‍ഡിനേറ്റര്‍ തേവലക്കര ബാദുഷ എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."