വിവാഹത്തട്ടിപ്പ് വീരന്‍ പിടിയിലായ സംഭവം; പരാതിയുമായി കൂടുതല്‍ യുവതികള്‍
നിലമ്പൂര്‍: പുനര്‍വിവാഹ പത്രപരസ്യം നല്‍കി യുവതികളില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി പാലക്കാട് വല്ലപ്പുഴ കിഴക്കേപ്പാട്ട്‌തൊടി മജീദ് എന്ന പുതിയാപ്ല മജീദിന്റെ അറസ്റ്റിനെ തുടര്‍ന്നു നിരവധി യുവതികള്‍ പരാതികളുമായി നിലമ്പൂര്‍ സ്‌റ്റേഷനിലെത്തി. അറസ്റ്റ് വാര്‍ത്തയെ തുടര്‍ന്നു കോഴിക്കോട്, മുക്കം, അരീക്കോട്, മഞ്ചേരി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍നിന്നാണ് നിരവധി സ്ത്രീകള്‍ ഇന്നലെ സ്റ്റേഷനിലെത്തിയത്.
റഷീദ്, ബഷീര്‍, ഫൈസല്‍ തുടങ്ങിയ പല പേരുകളിലാണ് ഇയാള്‍ പരിചയപ്പെടുത്തിയതെന്നാണ് ഇവര്‍ പൊലിസിനു മൊഴി നല്‍കിയത്. ഫോട്ടോ കണ്ടാണ് ഭൂരിഭാഗം പേരും പ്രതിയെ തിരിച്ചറിഞ്ഞത്. പരിചയപ്പെടുന്നവര്‍ക്കു വേറെ ഫോട്ടോയാണ് നല്‍കിയിരുന്നത്. ഈ ഫോട്ടോയും പ്രതിയില്‍നിന്നു പൊലിസ് കണ്ടെടുത്തു. കഴിഞ്ഞ മാസം 27ന് പത്രത്തില്‍ നല്‍കിയ വിവാഹപരസ്യത്തിലെ മൊബൈല്‍ നമ്പറിലേക്കു വിവാഹാന്വേഷണവുമായി സ്ത്രീകളുടെ നിലക്കാത്ത ഫോണ്‍വിളികളാണെന്നു പൊലിസ് പറഞ്ഞു.
പ്രതിയുടെ പക്കല്‍നിന്നു കണ്ടെടുത്ത കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുകളടക്കം നിരവധി രേഖകള്‍ വ്യാജമാണെന്നും പൊലിസ് കണ്ടെത്തി. പട്ടാമ്പി സബ് ആര്‍.ടി ഓഫിസില്‍നിന്നുള്ള കേരളാ ലൈസന്‍സും ചെന്നൈയിലെ മേല്‍വിലാസത്തില്‍ പോരൂര്‍ ആര്‍.ടി ഓഫിസില്‍നിന്നു ലഭിച്ച തമിഴ്‌നാട് ലൈസന്‍സും വ്യാജമാണ്. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് പണം നിക്ഷേപിച്ചതിന്റെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഡ്രൈവിങ് ലൈസന്‍സും രേഖകളും പാലക്കാട്ടുനിന്നാണ് ലഭിച്ചത്. 5000 രൂപ നല്‍കിയാണ് ലൈസന്‍സ് വാങ്ങിയത്. ഊട്ടി മേഖലയില്‍ പണം നല്‍കിയാല്‍ സിം കാര്‍ഡുകള്‍ രേഖയില്ലാതെ കിട്ടുമെന്നും പ്രതി പൊലിസിനോട് പറഞ്ഞു. ഇതിനായി നീലഗിരി നടുവട്ടത്തെ ഒരാളെ പ്രതി സമീപിച്ചിരുന്നു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റ, സ്‌പെഷല്‍ സ്‌ക്വാഡ് എ.എസ്.ഐ എം. അസൈനാര്‍, സി.പി.ഒമാരായ എന്‍.പി സുനില്‍, സലീല്‍ ബാബു, ഇ.ജി പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."