അരിവാള്‍ രോഗം വീണ്ടും; തുടര്‍നടപടികള്‍ കടലാസിലൊതുക്കി ആരോഗ്യവകുപ്പ്
നിലമ്പൂര്‍: ഇടവേളയ്ക്കു ശേഷം അരിവാള്‍ രോഗം സ്ഥിരീകരിക്കുമ്പോഴും നടപടി കൈകൊള്ളാതെ ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം അമ്പുമല കോളനിയില്‍ നടന്ന മെഡിക്കല്‍ ക്യാംപിലാണ് അഞ്ചു വയസുകാരന് അരിവാള്‍ രോഗം സ്ഥിരീകരിച്ചത്.
വനത്തോട് അടുത്തുള്ള കോളനികളില്‍ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലമ്പൂര്‍ മേഖലയിലെ വിവിധ കോളനികളില്‍നിന്നുള്ള നിരവധി പേര്‍ക്കു രോഗം കണ്ടെത്തിയിരുന്നു. അരിവാള്‍ രോഗം ബാധിച്ച് ആദിവാസികളുടെ മരണങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍, ഇതു തടയുന്നതിന് ആരോഗ്യവകുപ്പ് അധികൃതര്‍ വേണ്ടത്ര നടപടി കൈകൊണ്ടിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അരിവാള്‍ രോഗം സ്ഥിരീകരിച്ചിട്ടും ഇതിനുവേണ്ടി തയാറാക്കിയ പ്രൊജക്ട് മുന്നോട്ടുകൊണ്ടുപോകാന്‍ അധികൃതര്‍ ശ്രമിക്കാത്തതു പ്രതിഷേധത്തിന് കാരണമാകുകയാണ്.
നിലമ്പൂര്‍ മേഖലയിലെ ആദിവാസി കോളനിയില്‍ അരിവാള്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ടു വര്‍ഷംമുന്‍പ് പ്രൊജക്ട് ആരംഭിച്ചത്. എന്നാല്‍ പല ആദിവാസി കോളനികളിലും ചടങ്ങ് പരിശോധന മാത്രമാണ് നടന്നതെന്നാണ് ആക്ഷേപം. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് അരിവാള്‍ രോഗവാഹകരെ കണ്ടെത്തി ചികിത്സ നല്‍കാന്‍ എന്‍.ആര്‍.എച്ച്.എം ഫണ്ടുപയോഗിച്ചു സിക്കിള്‍സെല്‍ അനീമിയ പ്രൊജക്ട് നടപ്പാക്കുന്നത്. മെഡിക്കല്‍ കോളജില്‍നിന്നുള്ള പ്രത്യേക വിഭാഗമാണ് വനത്തിലുള്ള ആദിവാസി കോളനികളിലുള്‍പ്പെടെയെത്തി പ്രാരംഭ ഘട്ടത്തില്‍ വിവരങ്ങള്‍ ശേഖരിച്ചത്.
ജില്ലയില്‍ ഇതു ക്രോഡീകരിക്കാന്‍പോലും ആളില്ലാതെ വന്നു. ജില്ലയില്‍ നിലമ്പൂര്‍ മേഖലയിലാണ് ആദിവാസികള്‍ക്കിടയില്‍ അരിവാള്‍ രോഗമുള്ളത്. വയനാട് ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന പോത്ത്കല്ല്, ചുങ്കത്തറ ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതല്‍ അരിവാള്‍ രോഗവാഹകരുള്ളത്. വയനാട്ടുനിന്ന് വിവാഹം കഴിച്ചവരിലാണ് കൂടുതലായി രോഗമുള്ളതെന്നു കോളനിവാസികള്‍ പറയുന്നു. രക്തക്കുഴല്‍ ബ്ലോക്കാകുന്നതാണ് രോഗലക്ഷണം. ദേഹത്തുതന്നെ രോഗം ദൃശ്യമാകും. വിവിധ അവയവങ്ങളെ രോഗം ബാധിക്കും. ചികിത്സ തെറ്റിയാല്‍ മരണംവരെ സംഭവിച്ചേക്കാവുന്ന രോഗമാണിത്. രോഗലക്ഷണമുള്ള സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹിതരായാല്‍ പിറക്കുന്ന കുഞ്ഞിന് അരിവാള്‍ രോഗം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
രോഗം ബാധിച്ചവര്‍ക്ക് പോഷകാഹാരം നല്‍കി പ്രത്യേക ശ്രദ്ധ നല്‍കുകയാണ് വേണ്ടത്. ചുങ്കത്തറയിലും പോത്ത്കല്ലിലും മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ സംഘം പരിശോധന നടത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രോഗവാഹകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കണ്ടെത്തിയത്. അരിവാള്‍ രോഗം ബാധിച്ച് ആദിവാസി കോളനികളിലെ യുവതീ യുവാക്കളാണ് ഏറെയും മരണപ്പെടുന്നത്. 2013 ഓഗസ്റ്റ് 29നാണ് ചുങ്കത്തറ പെരുമ്പിലാട് വടക്കെകൈ പട്ടികവര്‍ഗ കോളനിയിലെ മടുത്തോടന്‍ സെല്‍വന്റെ മകന്‍ സുരേഷ് (20) അരിവാള്‍ രോഗം ബാധിച്ചാണ് മരിച്ചത്. മരണസംഖ്യ വര്‍ധിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. 2012 ഫെബ്രുവരി 21ന് ആറ് മാസം ഗര്‍ഭിണിയായ പൂളക്കപ്പാറ ആദിവാസി കോളനിയിലെ പരേതരായ മൊട്ടന്‍-വെളുത്തോള്‍ ദമ്പതികളുടെ മകള്‍ സുന്ദരി (21) മരിച്ചതും അരിവാള്‍ രോഗം ബാധിച്ചാണ്. 2011 സെപ്റ്റംബര്‍ 29ന് പാലാങ്കര മന്നിയുടെ മകന്‍ സുഭാഷ് (23) മരിച്ചതും ഇതേ രോഗം മൂലമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."