കേരള പൊലിസ് അക്കാദമിയുടെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി; നടപടി വിവാദത്തില്‍
തിരുവനന്തപുരം: കേരള പൊലിസ് അക്കാദമിയുടെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ നടപടി വിവാദമാവുന്നു. പുതുതായി പരിശീലനം നടത്തുന്നവര്‍ക്കായുള്ള ഭക്ഷണ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്. ഇതുസംബന്ധിച്ചുള്ള പൊലിസ് അക്കാദമി എ.ഡി.ജി.പിയാണ് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി 2800 പേര്‍ കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണപ്പട്ടികയില്‍ നിന്നാണ് ബീഫ് മാറ്റിയത്. മീന്‍, മുട്ട, കോഴി, തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ മെസ്സില്‍ നിന്ന് ബീഫ് ലഭ്യമാക്കാറുണ്ടായിരുന്നു. വിഷയത്തില്‍ പൊലിസുകാര്‍ സംഘടനകളെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബീഫിന് നിരോധനമില്ലെന്നാണ് ട്രെയിനിംഗ് എ.ഡി.ജി.പി ബി. സന്ധ്യയുടെ വിശദീകരണം. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മെനുവാണിതെന്നും അവര്‍ പറഞ്ഞു.
എല്ലാ ബറ്റാലിയനുകളിലെയും ക്യാന്റീനുകളില്‍ കഴിഞ്ഞ ദിവസമടക്കം ബീഫ് ലഭ്യമാക്കിയിട്ടുണ്ടെന്നും ബി. സന്ധ്യ പറയുന്നു. സുരേഷ് രാജ് പുരോഹിത് തൃശൂര്‍ പൊലിസ് അക്കാദമി ഐ.ജിയായിരിക്കെ ബീഫ് നിരോധിച്ചത് വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടാണ് നിരോധനം പിന്‍വലിച്ചത്. പുതിയ പരിഷ്‌കാരത്തില്‍, ഭക്ഷണത്തിനായി ട്രെയിനികള്‍ നല്‍കേണ്ട തുക വര്‍ധിപ്പിച്ചിട്ടുമുണ്ട്. 2000 രൂപയില്‍ നിന്ന് ആറായിരം രൂപയായാണ് ഒറ്റയടിക്ക് കൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."