സാക്ഷ്യപത്രത്തിന് സമീപിച്ചയാളെ വില്ലേജ് ഓഫിസര്‍ മടക്കി അയച്ച സംഭവം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
തിരുവനന്തപുരം: സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാക്ഷ്യപത്രത്തിനായി സമീപിച്ച മകനെ അണ്ടൂര്‍ക്കോണം വില്ലേജ് ഓഫിസര്‍ ഒരാഴ്ചയ്ക്ക് ശേഷം വരാന്‍ പറഞ്ഞ് തിരിച്ചയച്ച സംഭവത്തില്‍ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. തിരുവനന്തപുരം തഹസില്‍ദാര്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. തിരുവനന്തപുരം കൊയ്ത്തൂര്‍ക്കോണം ആസിഫ് മന്‍സിലില്‍ അഷറഹുദ്ദീന്‍ ഇസ്മായില്‍പിള്ളയുടെ (56) മൃതദേഹം നാട്ടിലെത്തിക്കുന്നതിനു വേണ്ടിയാണ് മകന്‍ വില്ലേജ് ഓഫിസറെ കണ്ടത്.
നാട്ടിലേക്ക് മടങ്ങാനിരുന്നതിന്റെ തലേന്ന് ഡിവൈഡറില്‍ വാഹനമിടിച്ചാണ് ഇസ്മായില്‍പിള്ള മരിച്ചത്. ഇസ്മായില്‍പിളളയുടെ ഭാര്യയുടെ പേര് പാസ്‌പോര്‍ട്ടില്‍ ഷക്കീല ബീവിയെന്നും ആധാറില്‍ ഷക്കീല എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടും ഒരാളാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാണ് വില്ലേജ് ഓഫിസറെ സമീപിച്ചത്. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായിരുന്നു. എന്നാല്‍ താന്‍ കുറച്ചുദിവസം സ്ഥലത്തുണ്ടാകില്ലെന്നും ഏഴുദിവസം കഴിഞ്ഞ് വന്നാല്‍ മതിയെന്നും വില്ലേജ് ഓഫിസര്‍ മരിച്ചയാളുടെ മകന്‍ ആസിഫിനോട് പറഞ്ഞതായാണ് പരാതി. തുടര്‍ന്ന് അണ്ടൂര്‍ക്കോണം പഞ്ചായത്ത് സാക്ഷ്യപത്രം നല്‍കുകയായിരുന്നു. വില്ലേജ് ഓഫിസറുടെ മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."