കറപ്പത്തോല്‍ കടത്ത്; പരിശോധിച്ച വനപാലകന് മര്‍ദനം
ബാവലി: കറപ്പത്തോല്‍ കടത്താന്‍ ശ്രമിച്ച ലോറി പരിശോധിച്ച വനപാലകന് മര്‍ദനമേറ്റു. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ ബാവലി വനം ചെക്ക്‌പോസ്റ്റിലായിരുന്നു സംഭവം.
ലോഡുമായി എത്തിയ വാഹനം ചെക്ക് പോസ്റ്റില്‍ എന്‍ട്രി ചെയ്യുന്നതിനിടെ ലോഡ് പരിശോധിച്ചിരുന്ന ഫോറസ്റ്റര്‍ ജോസ് ലു ഡോവിക്കിനെ (48) ലോറിയുടെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പുറകില്‍ നിന്ന് തള്ളിയിട്ട് മര്‍ദിക്കുകയായിരുന്നു. എതിരേ വാഹനം വരുന്നത് കണ്ട് ഇരുവരും കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് തൊട്ടടുത്ത മരം ഡിപ്പോയിലെ വനപാലകരെത്തിയാണ് ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കറപ്പത്തോല്‍ കണ്ടെത്തിയത്.
കെ.എല്‍ 20 എ 897 ഐച്ചര്‍ വാഹനത്തിന്റെ പുറം ഭാഗത്ത് മുപ്പത് ചാക്കുകളിലായി കാപ്പിത്തോല്‍ അടുക്കി വച്ചിരുന്നു. അതിന് ഉള്ളിലായി തൊണ്ണൂറ് ചാക്കുകളിലാണ് കറപ്പത്തോല്‍ ഉണ്ടായിരുന്നത്. വിപണിയില്‍ ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന ഒന്‍പത് ടണ്‍ കറപ്പത്തോലാണ് പിടികൂടിയത്. ബാവലി വഴി മൈസൂരിലേക്ക് കടത്താനുള്ള ശ്രമമായിരുന്നു.
വാഹനം തരുവണ സ്വദേശി അബ്ദുല്‍ ഗഫൂറിന്റെതാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വനം വകുപ്പും പൊലിസും കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സെക്ഷന്‍ ഫോറസ്റ്റര്‍മാരായ ശ്രീധരന്‍, അനൂപ് ടി.രമേശന്‍, എം.കെ മഹേഷ് ടി.ആര്‍ നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."