സഊദിയിലെ പ്രീമിയം ഇഖാമ ലഭിച്ച ആദ്യ ഇന്ത്യക്കാരനായി മലപ്പുറം സ്വദേശി
ജിദ്ദ: സഊദിയിലെ പ്രീമിയം റസിഡൻസ് അനുമതി ലഭിച്ച ആദ്യ ഇന്ത്യക്കാരനായി മലപ്പുറം സ്വദേശി. ജിദ്ദ സഹ്‌റാനി ഗ്രൂപ്പ് എം.ഡി റഹീം പട്ടർകടവൻ (30) അധികൃതരിൽനിന്ന് പ്രിവിലേജ് ഇഖാമ സ്വീകരിച്ചു. കഴിഞ്ഞ മേയിലാണ് 73 വിദേശികളിൽ ഒരാളായി റഹീം അപേക്ഷ നൽകിയിരുന്നത്.
സ്‌പോൺസറില്ലാതെ സഊദിയിൽ കഴിയാവുന്ന ആജീവനാന്ത പെർമിറ്റാണ് പ്രീമിയം റസിഡൻസ്. നിരവധി ആനുകൂല്യങ്ങളാണ് ഇത്തരം താമസ രേഖയുള്ളവർക്ക് സഊദി അധികൃതർ നൽകുന്നത്. മക്കയിലും മദീനയിലുമൊഴികെ ഭൂമി വാങ്ങാനും വിൽക്കാനും സാധിക്കും. മക്ക, മദീന എന്നിവിടങ്ങളിൽ 99 വർഷത്തേക്ക് ഭൂമി പാട്ടത്തിനെടുക്കാനും പ്രീമിയം ഇഖാമയുള്ളവർക്ക് കഴിയും. ഇതിനു പുറമെ ബന്ധുക്കള്‍ക്ക് സൗജന്യമായി സന്ദര്‍ശക വിസകള്‍, വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അവകാശം എന്നിവയും ലഭിക്കും. മറ്റു നിബന്ധനകൾ പാലിക്കുന്നതോടൊപ്പം എട്ടു ലക്ഷം റിയാൽ ഫീസ് നൽകേണ്ടതുണ്ട് പ്രീമിയം ഇഖാമക്ക്.
എയർപോർട്ടുകളിൽ സ്വദേശികളുടെ ക്യൂവിൽ നിൽക്കാനും റീ എൻട്രി വിസയില്ലാതെ വിദേശങ്ങളിൽ സഞ്ചരിക്കാനും അനുമതിയുണ്ട്. സഊദിയിൽ സ്ഥിരം വിസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ബിസിനസ് രംഗത്ത് സഊദിയിലെയും ഇന്ത്യയിലെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി ബിസിനസ് രംഗത്ത് ഇതിനകം ശ്രദ്ധേയനായ റഹീം ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ പൂർവ വിദ്യാർഥിയാണ്. മലപ്പുറം പട്ടർകടവ് സ്വദേശിയും പി.കെ. കുഞ്ഞാന്റെയും (സഹ്‌റാനി ഗ്രൂപ്പ്) യു.കെ. ഖദീജയുടെയും മകനാണ്.
എം.ഇ.എസ് സംസ്ഥാന ട്രഷററും പ്രമുഖ ബിസിനസുകാരനുമായിരുന്ന അയിലക്കാട് കെ.വി മുഹമ്മദിന്റെ പൗത്രി ടെന്നാസാണ് റഹീമിന്റെ ഭാര്യ. മക്കൾ: ഇഫാത്ത്, ഹംദാൻ.
അതേ സമയം ആജീവനാന്ത കാലത്തേക്കുള്ള സ്ഥിരം ഇഖാമയ്ക്കു ഒറ്റതവണയായി എട്ടു ലക്ഷം റിയാൽ ആണ് ഫീസ്. ഒരു വർഷം കാലാവധിയുള്ള പ്രീമിയം ഇഖാമയ്ക്കു ഒരു ലക്ഷം റിയാലുമാണ് ഫീസ്. ഇത് വർഷാവർഷം പുതുക്കാൻ കഴിയും. സ്ഥിരം ഇഖാമയ്ക്കു അപേക്ഷിക്കുന്നവർക്ക് 21 വയസിൽ കുറയാനും കുറ്റകൃത്യങ്ങളിൽപ്പെട്ടവരാകാനും പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."