വിശുദ്ധ പശുക്കളെ കെട്ടാന്‍ സ്ഥലമില്ല, സ്‌കൂളുകള്‍ ഗോശാലകളാക്കി യു.പി ഗ്രാമീണര്‍
ഏദൽപൂർ: ഗോ സംരക്ഷണത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഗ്രാമവാസികൾ. തല്ലാനോ കൊല്ലാനോ പാടില്ലെന്ന അവസ്ഥയിൽ പ്രായമേറിയ പശുക്കളേയും സംരക്ഷിക്കേണ്ടി വരുന്നതാണ് ഇവരെ വെട്ടിലാക്കിയത്. മറ്റിടമൊന്നുമില്ലാത്തതിനാൽ പ്രദേശത്തെ സ്‌കൂളുകൾ ഗോശാലകളാക്കി മാറ്റിയിരിക്കുകയാണ് ഇവർ. ഒരു പ്രദേശിക ഭരണാധികാരിയെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റിന്റേതാണ് റിപ്പോർട്ട്. ഗോക്കളകത്തും കുട്ടികൾ പുറത്തുമെന്നതാണ് ഇപ്പോഴിവിടങ്ങളിലെ അവസ്ഥ. പലയിടത്തും പഠനം നടക്കാത്ത സ്ഥിതിയാണ്.
'ഒരു മീറ്റിങിനിടയിലാണ് എനിക്ക് ഏദൽപൂരിനെ സ്‌കൂൾ പ്രിൻസിപ്പലുടെ കോൾ വരുന്നത്. ഗോതമ്പ്, ഉരുളക്കിഴങ്ങ് കർഷകരാണ് ഇവിടെ ഉള്ളത്. ഉദ്ദേശ്യം 2000 പേരുണ്ടിവിടെ. അവർ അവരുടെ പശുക്കളെ സ്‌കൂളിലാണ് പൂട്ടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്ലാസ് എടുക്കാൻ കഴിയില്ല. ഞാൻ എന്ത് ചെയ്യണം' - പ്രദേശിക ഭരണാധികാരിയായ ജ്യോത്സന ബന്ദു തനിക്കുണ്ടായ അനുഭവം പങ്കു വെക്കുന്നു. ഇത് ഒറ്റപ്പെട്ട അനുഭവമല്ല. അടുത്ത ദിവസം തന്നെ മറ്റൊരു സ്‌കൂളിൽ നിന്നും ഇതേ പരാതി ലഭിച്ചു. അവർ കൂട്ടിച്ചേർത്തു.
ഏദൽപൂരിന് സമീപത്തെ 15 ഗ്രാമങ്ങളിൽ ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. നിരവധി കർഷകരാണ് പശുക്കളെ സർക്കാർ സ്‌കൂളുകളിൽ പാർപ്പിച്ചിട്ടുള്ളത്. പശുക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചതും ഉപയോഗ ശൂന്യമായവെ കൊല്ലാൻ സാധിക്കാത്തതിലുമുള്ള ദേഷ്യമാണ് ഇതിന് പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഉത്തർ പ്രദേശ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി കാലികളുടെ വർധനവ് മാറിയിട്ടുണ്ട്. പശു സംരക്ഷണ നിയമം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസസാമ്പത്തിക പുരോഗതിക്ക് തിരിച്ചടിയായതായെന്നും വാഷിങ്ടൺ പോസ്റ്റ് പറയുന്നു.
'ഞങ്ങൾ ഇത്രയും പശുക്കളെ എവിടെ കൊണ്ടുപോയി സംരക്ഷിക്കും. സർക്കാർ ഒന്നും ഒരുക്കിയിട്ടില്ല. ഇതിപ്പോ പരിധികൾക്കപ്പുറമാണ് കാലി സമ്പത്ത്. വേറെ വഴിയില്ലാത്തതാണ് ഇവയെ സ്‌കൂളിൽ പൂട്ടിയത്. നാട്ടുകാരനായ ഛേത്രാ പൽ പറഞ്ഞു.
ഉത്തർപ്രദേശിൽ 2012 വരെയുള്ള കണക്കുകൾ പ്രകാരം പത്തുലക്ഷം പശുക്കളുണ്ട്. നിലവിലെ നിയമം കർഷകരുടേയും പശുക്കളുടേയും സ്വാഭാവിക ജീവിത ചക്രത്തെ പ്രതികൂലമായി ബാധിച്ചെന്ന് മുൻ എം.എൽ.എ. അനിൽ ചൗദരി പ്രതികരിച്ചു.
ഉപയോഗ ശൂന്യമായ പശുക്കളെ പാർപ്പിക്കുന്നതിനായി സർക്കാർ തുടങ്ങിയ കേന്ദ്രങ്ങൾ ഒരാഴ്ചയ്ക്കകം നിറഞ്ഞു. ഏതെങ്കിലും തരത്തിൽ പശുക്കളെ ഒഴിവാക്കാൻ ശ്രമിച്ചാൽ സംഘപരിവാർ ആക്രമിക്കുമെന്ന് ജനങ്ങൾക്ക് ഭയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."