പിണറായിക്കെതിരേ കൊലവിളി: ആര്‍.എസ്.എസ് സഹപ്രചാരകിനെതിരേ കേസെടുത്തു
ഭോപ്പാല്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരുകോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച ആര്‍.എസ്.എസ് സഹപ്രചാരക് പ്രമുഖ് ഡോ. കുന്ദന്‍ ചന്ദ്രാവതിനെതിരേ കേസെടുത്തു. ഉജ്വയിനി പൊലിസാണ് കേസെടുത്തത്. ആക്രമണത്തിനു പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് കേസ്.
പിണറായിയുടെ തലവെട്ടിയെടുത്തു കൊണ്ടുവരുന്നവര്‍ക്ക് ഒരു കോടി രൂപ തരുമെന്ന കുന്ദന്‍ ചന്ദ്രാവതിന്റേതാണ് പ്രസ്താവന വിവാദമായിരുന്നു.
മധ്യപ്രദേശിലെ ഉജ്ജയിനിലെ ഷഹീദ് പാര്‍ക്കില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന പ്രതിഷേധ യോഗത്തിലാണ് ആര്‍.എസ്.എസ് നേതാവിന്റെ കൊലവിളിയുണ്ടായത്. കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. പിണറായിയുടെ തല വെട്ടിയെടുത്തു കൊണ്ടുവരുന്നവര്‍ക്ക് ഒരു കോടിയോളം വരുന്ന തന്റെ സ്വത്തുക്കള്‍ സമ്മാനം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഉജ്ജയിനില്‍ നിന്നുള്ള ബി.ജെ.പി എ.ംപി ഡോ. ചിന്താമണി മാളവ്യ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ചന്ദ്രാവത്തിന്റെ പ്രസംഗം. കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ആര്‍.എസ്.എസ് രാജ്യവ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഉജ്ജയ്‌നിലെ പരിപാടി.
മുന്നൂറിലധികം ആര്‍.എസ്.എസുകാര്‍ ഇതുവരെ കേരളത്തില്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ചാണ് ചന്ദ്രാവത് കൊലവിളി നടത്തിയത്. കമ്മ്യൂണിസ്റ്റുകാര്‍ കരുതിയിരിക്കണമെന്നും മൂന്നുലക്ഷം തലകള്‍ കൊരുത്ത മാല തങ്ങള്‍ ഭാരതമാതാവിനു സമര്‍പ്പിക്കുമെന്നും ഇയാള്‍ ഭീഷണിമുഴക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."