HOME
DETAILS
MAL
അവസരം ലഭിച്ച ആയിരത്തിലേറെ പേര്‍ യാത്ര റദ്ദാക്കി
backup
February 25 2020 | 02:02 AM
കൊണ്ടോട്ടി: വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ വഴി ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിച്ചവരില്‍ ആയിരത്തിലേറെ പേര്‍ യാത്ര റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധി, ശാരീരക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ യാത്ര റദ്ദാക്കാന്‍ കാരണം.
കേരളത്തില്‍ അവസരം ലഭിച്ചവരില്‍ ഇതിനകം നൂറിലേറെ പേര്‍ യാത്ര റദ്ദാക്കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ 250 ലേറെ പേരാണ് യാത്ര റദ്ദാക്കിയത്. മറ്റിടങ്ങളില്‍ 50 മുതല്‍ 200 വരെ പേര്‍ യാത്ര റദ്ദാക്കി. ഹജ്ജ് തീര്‍ഥാടനത്തിനുള്ള ആദ്യഗഡുവായ 81,000 രൂപ അടക്കുന്നതിന് മുന്‍പായാണ് ആയിരത്തിലേറെ പേര്‍ യാത്ര ഒഴിവാക്കിയത്. ആദ്യഗഡു പണം അടക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും.
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും മക്കയിലും മദീനയിലും കെട്ടിടങ്ങളുടെ വാടക നിരക്ക് വര്‍ധനവും മൂലം ഇത്തവണ തീര്‍ഥാടനത്തിന് ചെലവേറുന്നുണ്ട്. അതുകൊണ്ടുതന്നെ ഹജ്ജിന്റെ പണം ഈ വര്‍ഷം മൂന്ന് ഘട്ടങ്ങളിലായാണ് ഈടാക്കുന്നത്. അവസാന ഘട്ടത്തിലെ തുക യാത്രയുടെ ഒരുമാസം മുന്‍പാണ് നല്‍കേണ്ടിവരിക. ഹജ്ജ് സബ്‌സിഡി ഒഴിവാക്കിയതിനാല്‍ വിമാന ടിക്കറ്റ് നിരക്ക് പൂര്‍ണമായും നല്‍കേണ്ടിവരും. ഇതോടെ ഒരു തീര്‍ഥാടകന്‍ മൂന്ന് ലക്ഷത്തോളം വരെ ചെലവഴിക്കേണ്ടി വരും.
ശാരീരിക പ്രശ്‌നങ്ങളാണ് ചിലര്‍ക്ക് തീര്‍ഥാടനത്തിന് തടസമായത്. അപകടങ്ങളില്‍പ്പെട്ടവരും കൂടാതെ ഒപ്പം യാത്രചെയ്യേണ്ടവര്‍ മരണപ്പെട്ടതിനാല്‍ യാത്ര റദ്ദാക്കിയവരുമുണ്ട്. യാത്ര റദ്ദാക്കുന്നവരുടെ സീറ്റുകള്‍ അതത് ഹജ്ജ് കമ്മിറ്റികള്‍ കേന്ദ്രത്തെ അറിയിക്കുന്നുണ്ട്. ഈ സീറ്റുകളില്‍ നിലവിലെ ഹജ്ജ് കാത്തിരിപ്പ് പട്ടികയിലുള്ളവര്‍ക്കാണ് അവസരം നല്‍കുക. യാത്ര റദ്ദാക്കുന്നവരുടെ എണ്ണം ഇതര സംസ്ഥാനങ്ങളില്‍ കൂടിയാല്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. ഈ വര്‍ഷം മുഴുവന്‍ സംസ്ഥാനങ്ങളിലും ഹജ്ജ് അപേക്ഷകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."