വൈക്കം താലൂക്കാശുപത്രിയിലെ ഒ.പി ബ്ലോക്ക് കെട്ടിട നിര്‍മാണം പാതി വഴിയില്‍
വൈക്കം: ദിവസേന ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന താലൂക്ക് ആശുപത്രിയിലെ ഒ.പി ബ്ലോക്ക് കെട്ടിട നിര്‍മാണം പാതിവഴിയില്‍. പഴയ കെട്ടിടം ജീര്‍ണാവസ്തയിലായതിനെത്തുടര്‍ന്നു പുതിയ കെട്ടിട നിര്‍മാണം ഒരു വര്‍ഷം മുന്‍പ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിര്‍മാണ ജോലി ഇഴയുകയായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെയും യു.ഡി.എഫ് നഗരസഭ ഭരണസമിതിയുടെയും കാലത്താണ് ഇതിന്റെ പണികള്‍ ആരംഭിച്ചത്. ഇപ്പോഴത്തെ ഒ.പി ബ്ലോക്ക് കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലാണ്. നിരവധി തവണ രോഗികള്‍ക്ക് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് പരുക്കേറ്റിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പുതിയ ബ്ലോക്ക് ആരംഭിക്കുവാന്‍ നടപടിയായത്.
ആശുപത്രിക്കുള്ളില്‍ നിരവധി വികസനപ്രവൃത്തികള്‍ നടക്കുന്നണ്ടെങ്കിലും കാലങ്ങളായി ഒന്നും ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടില്ല. ദീര്‍ഘവീക്ഷണില്ലായ്മയും യഥാസമയത്തു ഫണ്ടുകള്‍ ലഭിക്കാതെ വരുന്നതുമാണു പല പദ്ധതികളെയും പ്രതിസന്ധിയിലാക്കുന്നത്. ആധുനിക ലാബിനുവേണ്ടി കെട്ടിടനിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇവിടെ ഒരു പ്രവൃത്തിയും ഇതുവരെ നടന്നിട്ടില്ല. മുന്‍പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ ഫണ്ടില്‍ നിന്നനുവദിച്ച 50 ലക്ഷം രൂപ മുടക്കിയാണ് ലാബ് കെട്ടിടം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പ്രവര്‍ത്തനക്ഷമമാകാത്തതിനുപിന്നിലുള്ള കാരണമെന്തെന്ന് ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലാബിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. നഗരത്തില്‍ പ്രവൃത്തിക്കുന്ന ചില സ്വകാര്യ ലാബുകളുടെ ഇടപെടലുകളാണ് ആശുപത്രിയുടെ ലാബിന് വില്ലനാകുന്നതെന്ന് ആക്ഷേപമുണ്ട്. നഗരത്തിലെ ഓരോ ലാബിലും പരിശോധനകള്‍ക്ക് തോന്നുന്ന ഫീസാണ് രോഗികളില്‍നിന്നും ഈടാക്കുന്നത്. ഇതിനെക്കുറിച്ചെല്ലാം കാലങ്ങളായി പരാതി നിലനില്‍ക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്.
ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് എല്ലാക്കാലത്തും ദുരിതങ്ങളുടെ പെരുമഴ തന്നെ. കാലവര്‍ഷം ആരംഭിച്ചതോടെ ഇവിടെയെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിരിക്കുകയാണ്. മിക്കദിവസങ്ങളിലും രോഗികളുടെ തിരക്ക് ഒ.പി ബ്ലോക്കിനെ വലക്കാറുണ്ട്. പാതിവഴിയില്‍ പണിനിലച്ച കെട്ടിടം അടിയന്തിരമായി പൂര്‍ത്തിയാക്കി പ്രയോജനപ്പെടുത്തുവാന്‍ നഗരസഭ ഭരണസമിതിയും പുതിയ എം.എല്‍.എയും സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."