HOME
DETAILS
MAL
ഡി.ജി വന്‍സാരയ്ക്ക് വിരമിച്ച ശേഷം സ്ഥാനക്കയറ്റം നല്കി ബി.ജെ.പി സര്‍ക്കാര്‍
backup
February 27 2020 | 03:02 AM
അഹമ്മദാബാദ്: വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായിരുന്ന ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫിസര്‍ ഡി.ജി വന്‍സാരയ്ക്ക് വിരമിച്ച് ആറു വര്‍ഷങ്ങള്‍ക്കിപ്പുറം മുന്‍കാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നല്കി ബി.ജെ.പി സര്‍ക്കാര്‍.
2014 മെയ് 31ന് ഡി.ഐ.ജി (ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍) ആയി വിരമിച്ച ഇദ്ദേഹത്തെ ഐ.ജി (ഇന്‍സ്പെക്ടര്‍ ജനറല്‍) ആയാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
സൊഹ്റാബുദ്ദീന്‍ ശൈഖ്, ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായിരുന്ന വന്‍സാരയെ 2007ല്‍ ഗുജറാത്ത് സി.ഐ.ഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് അതേവര്‍ഷം ജോലിയില്‍നിന്നു പിരിച്ചുവിട്ടത്.
സൊഹ്റാബുദ്ദീന്‍ ശൈഖ് കേസില്‍ 2017 ഓഗസ്റ്റിലും ഇസ്രത്ത് ജഹാന് കേസില്‍ 2019 മെയിലും കുറ്റക്കാരനല്ലെന്നു കണ്ട് കേസുകളില്‍നിന്ന് വന്‍സാരയെ ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. ഇതുപരിഗണിച്ചാണ് 2014 മെയ് 31ന് വിരമിച്ച ഇദ്ദേഹത്തിന് 2007 സെപ്തംബര്‍ 29 മുതലുള്ള എല്ലാ ആനുകൂല്യങ്ങളും നല്കി ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം കൊടുത്തിരിക്കുന്നത്.
തന്റെ സ്ഥാനക്കയറ്റക്കാര്യം വന്‍സാര തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഗുജറാത്ത്, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നന്ദി രേഖപ്പെടുത്തി എഴുതിയ കുറിപ്പില്‍ ആഭ്യന്തര മന്ത്രാലയം തനിക്കയച്ച കത്തും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.
2005ലാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലയിലൂടെ ഗുജറാത്തിലെ ഗാന്ധിനഗറില്വച്ച് പൊലിസ് സൊഹ്റാബുദ്ദീന്‍ ശൈഖിനെ വധിക്കുന്നത്. കാണാതായ ഇദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടതായി സി.ബി.ഐ പിന്നീട് കണ്ടെത്തിയിരുന്നു.
2004 ജൂണിലാണ് വിവാദമായ ഇസ്രത്ത് ജഹാന്, ജാവേദ് ശൈഖ്(പ്രാണേഷ് കുമാര്‍) ഏറ്റുമുട്ടല്‍ കൊലപാതകം നടക്കുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ചാണ് 19കാരിയായ ഇസ്രത്ത് ജഹാന്, പ്രാണേഷ് കുമാര്‍, അംജദലി അക്ബറലി റാണ, സീഷന്‍ സൊഹാര്‍ എന്നിവരെ വെടിവച്ച് കൊലപ്പെടുത്തുന്നത്. അന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് മേധാവിയായിരുന്നു വന്‍സാര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."