ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ ചോദിക്കുന്നു; എന്നുതീരും പ്രശ്‌നം...?
കാസര്‍കോട്: ജില്ലയില്‍ ബി.എസ്.എന്‍.എല്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് താറുമാറായതോടെ ഉപഭോക്താക്കള്‍ ദുരിതത്തിലായി. കുറച്ചു മാസങ്ങളായി ജില്ലയിലെ പ്രധാന പട്ടണങ്ങളില്‍ ഉള്‍പ്പെടെ ഫോണ്‍ വിളിക്കാന്‍ കഴിയാതെ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുകയാണ്. ഫോണ്‍ വിളിച്ചയാള്‍ ഫോണ്‍ കട്ടാക്കിയാലും ലൈന്‍ കട്ടാവുന്നത് ഒന്നും രണ്ടും മിനുട്ടുകള്‍ കഴിഞ്ഞ ശേഷമാണ്. അത് വരെ ഫോണുകളില്‍ സ്തംഭനാവസ്ഥയാണ്.
അതേസമയം, ആറും ഏഴും തവണ പരിശ്രമിച്ചാല്‍ മാത്രമേ ലൈന്‍കിട്ടുന്നൂള്ളൂവെന്നും പരാതിയുണ്ട്. സ്വിച്ച് ഓഫ് എന്നോ പരിധിക്കുപുറത്തെന്നോയുള്ള ശബ്ദസന്ദേശങ്ങളാണ് ഫോണ്‍ വിളിക്കാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്നത്.
ലൈന്‍ കിട്ടിയാല്‍ തന്നെ സംസാരങ്ങള്‍ പരസ്പരം കേള്‍ക്കാത്ത അവസ്ഥയുമുണ്ട്.
എന്നാല്‍ നെറ്റ് വര്‍ക്ക് സംവിധാനത്തിലെ തരാറുകള്‍ പരിഹരിക്കാനുള്ള യാതൊരു വിധ നടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉപഭോക്താക്കള്‍ ഉന്നയിക്കുന്നു.
നെറ്റ് വര്‍ക്ക് സംവിധാനത്തിലെ തകരാറുകളും ഉപഭോക്താക്കളുടെ ദുരിതങ്ങളും സംബന്ധിച്ച് ബി.എസ്.എന്‍.എല്ലിന്റെ ടെലഫോണ്‍ അഡൈ്വസറി കമ്മിറ്റിക്കു (പി.എ.സി) ആറു മാസം മുന്‍പേ പല ഉപഭോക്താക്കളും പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
പരാതി നല്‍കിയ ഉപഭോക്താക്കളെ വിളിച്ചു ഉടനെ ശരിയാക്കാമെന്നു ചില ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.
നോക്കുകുത്തിയായി പ്രസരണകേന്ദ്രം
പെരിയ എക്‌സ്‌ചേഞ്ച് പരിസരത്തു സ്ഥിതി ചെയ്യുന്ന മൊബൈല്‍ ടവറിലെ വടക്കുഭാഗത്തെ പ്രസരണ യന്ത്രം കേടായിട്ടു ഒരു വര്‍ഷത്തിലധികമായെങ്കിലും ഇത് നന്നാക്കാത്തതിനാല്‍ നോക്ക് കുത്തിയായി മാറി. ടവറില്‍ നിന്നു മറ്റു മൂന്നു ഭാഗങ്ങളിലും ആവശ്യമായ പ്രസരണങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്.
വടക്കു ഭാഗത്തേക്ക് സിഗ്‌നല്‍ പ്രസരിപ്പിക്കുന്ന ബാന്‍ഡ് കേടായിട്ടു വര്‍ഷം പിന്നിട്ടിട്ടും ഇതുമാറ്റി സ്ഥാപിച്ചിട്ടില്ല. ഒരു വര്‍ഷം പിന്നിട്ടിട്ടും മാറ്റി സ്ഥാപിക്കാനുള്ള ഉപകരണം കിട്ടിയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."