മാള അരവിന്ദന് സ്മാരകം: വാഗ്ദാനം പാഴ്‌വാക്കായി
മാള: അന്തരിച്ച മാള അരവിന്ദന് മാളയില്‍ സ്മാരകം നിര്‍മിക്കുമെന്ന അധികൃതരുടെ വാഗ്ദാനം അദ്ദേഹത്തിന്റെ നാലാം വാര്‍ഷികമാകുമ്പോഴും പാഴ്‌വാക്കായി തുടരുന്നു. ഈ വരുന്ന 28നാണ് അദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷികം. കഴിഞ്ഞ ബജറ്റിലും സ്മാരകത്തിന്നായി സര്‍ക്കാര്‍ ഒരു കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ സ്മാരകം നിര്‍മിക്കുന്നതിനായി പഞ്ചായത്ത് സ്ഥലം കണ്ടെത്തി നല്‍കാത്തതിനാലാല്‍ സ്മാരക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി മാള അരവിന്ദന് സ്മാരകം നിര്‍മിക്കണമെന്ന ആവശ്യമായി മാള അരവിന്ദന്‍ ഫൗണ്ടേഷന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു.
മാള ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനെങ്കിലും അരവിന്ദന്റെ പേരിടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു നടപടി ഉണ്ടായില്ലെന്നു മാത്രമല്ല, ബസ്സ് സ്റ്റാന്‍ഡിന് മറ്റൊരു നേതാവിന്റെ പേര് നല്‍കാനുള്ള ആലോചനയിലായിരുന്നു പഞ്ചായത്ത്. എന്നാല്‍ ഈ നടപടിയില്‍ ഭരണ സമിതിയില്‍ ഭിന്ന അഭിപ്രായം വന്നതിനാല്‍ തീരുമാനം എടുത്തില്ല.
തുടര്‍ന്ന് മാള കടവിലോ വലിയപറമ്പിലോ സ്മാരകം നിര്‍മിക്കാന്‍ മാള അരവിന്ദന്‍ ഫൗണ്ടേഷന്‍ സ്ഥലം ചൂണ്ടി കാണിച്ചു കത്ത് നല്‍കിയെങ്കിലും അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ കൈക്കൊണ്ടില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മാള അരവിന്ദന് സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. മുസരീസ് പൈത്യക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചരിത്രം ഉറങ്ങുന്ന മാള കടവിനെ മാള അരവിന്ദന്‍ ചരിത്രകലാസ്മാരക കടവ് എന്ന് നാമകരണം ചെയ്ത് ഉയര്‍ത്തണമെന്നാവശ്യം ഉന്നയിച്ചു കൊണ്ട് മാള അരവിന്ദന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് എം.എല്‍.എയ്ക്കും പഞ്ചായത്തിനും കത്തു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."