ഡല്‍ഹി കത്തിയെരിയുമ്പോഴും ഹിന്ദു യുവതിയുടെ വിവാഹത്തിന് കാവലായി മുസ്‌ലിം അയല്‍ക്കാര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരെ സംഘ് പരിവാര്‍ സംഘടനകള്‍ നടത്തുന്ന അഴിഞ്ഞാട്ടത്തിനിടയിലും വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ് ബാഗില്‍ ഹിന്ദു യുവതിയുടെ വിവാഹത്തിന് കാവലൊരുക്കി മുസ്‌ലിം അയല്‍ക്കാര്‍. സംഘര്‍ഷം മൂലം വിവാഹം മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായ സമയത്താണ് അയല്‍ക്കാരായ മുസലിം സഹോദരങ്ങള്‍ സഹായത്തിനെത്തിയതെന്ന് 23കാരിയായ സാവിത്രി പ്രസാദ് പറയുന്നു.
വിവാഹത്തിനുള്ള അവസാനഘട്ടത്തിലെത്തിനില്‍ക്കെയാണ് തെരുവില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ചാന്ദ് ബാഗില്‍ ചൊവ്വാഴ്ച സ്ഥിതിഗതികള്‍ വളരെ മോശമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇത്രയും ഭയാനകമായിരിക്കുമെന്ന് കുടുംബം കരുതിയിരുന്നില്ല.
കല്യാണദിവസം വരനും കുടുംബത്തിനും സാവിത്രിയുടെ വീട്ടിലേക്ക് എത്താന്‍ സാധിക്കാത്ത സ്ഥിതിയുമായതോടെ വിവാഹം നീട്ടി വയ്ക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം പിതാവ് തന്റെ മുസ് ലിം സുഹൃത്തുക്കളെ അറിയിച്ചു. എന്നാല്‍ മുസ്‌ലിം സഹോദരങ്ങള്‍ ധൈര്യം പകരുകയും തങ്ങള്‍ കൂടെ ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തു.
കത്തിയമര്‍ന്ന തെരുവില്‍ പുകയുയരുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വകവെക്കാതെ മുസ് ലിം സഹോദരങ്ങള്‍ വരനെയും കൂട്ടരെയും വധുവിന്റെ വീട്ടില്‍ സുരക്ഷിതരായി എത്തിച്ചു. ചടങ്ങുകള്‍ നടക്കുമ്പോഴും സമീപപ്രദേശങ്ങളില്‍ സംഘര്‍ഷം പുകയുന്നുണ്ടായിരുന്നുവെന്ന് ഭോപ്‌ഡെ പ്രസാദ് പറഞ്ഞു.
വര്‍ഷങ്ങളായി തന്റെ അയല്‍ക്കാരായ മുസ്‌ലിം വിഭാഗത്തിലുള്ളവരുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണ് ഭോപ്‌ഡെ പ്രസാദും കുടുംബവും.
ഈ അക്രമത്തിന് പിന്നിലുള്ളവര്‍ ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ല, എന്തായാലും അത് തങ്ങളുടെ അയല്‍ക്കാരല്ലെന്ന് പ്രസാദ് ഭോപ്‌ഡെ പറയുന്നു. ഇവിടെ ഹിന്ദുക്കള്‍ക്കും മുസ് ലിംകള്‍ക്കും ഇടയില്‍ ശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."