ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് പിറകെ ക്ലോണ്‍ കുരങ്ങുകള്‍
ബെയ്ജിങ്: ജനിതകമാറ്റ ഗവേഷണ രംഗത്ത് വീണ്ടും ഞെട്ടിപ്പിച്ച് ചൈന. ജനിതകമാറ്റം വരുത്തിയ ജൈവഘടികാരത്തില്‍ തകരാറുള്ള(രശൃരമറശമി ൃവ്യവോ റശീെൃറലൃ) സിംഹവാലന്‍ കുരങ്ങുകളില്‍നിന്ന് അഞ്ച് കുട്ടിക്കുരങ്ങുകളെ ക്ലോണ്‍ ചെയ്തിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍. അള്‍ഷിമേഴ്‌സ്, വിഷാദരോഗം, പ്രമേഹം തുടങ്ങിയ ഒരുപിടി മനുഷ്യരോഗങ്ങളുടെ ഗവേഷണത്തെ സഹായിക്കാനെന്നു പറഞ്ഞാണ് ക്ലോണ്‍ കുരങ്ങുകളെ സൃഷ്ടിച്ചിരിക്കുന്നത്.
ജനിതകമാറ്റം വരുത്തി ഇരട്ട മനുഷ്യക്കുഞ്ഞുങ്ങളെ ക്ലോണിങ്ങിലൂടെ ജനിപ്പിച്ചതിന്റെ വിവാദം കെട്ടടങ്ങുംമുന്‍പാണു പുതിയ ജീന്‍ എഡിറ്റിങ് വിപ്ലവവുമായി ചൈനീസ് ശാസ്ത്രസംഘം രംഗത്തെത്തിയിരിക്കുന്നത്. ഷാങ്ഹായിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയന്‍സ് ഓഫ് ചൈനീസ് അക്കാഡമി ഓഫ് സയന്‍സസിലാണ് ക്ലോണിങ്ങിലൂടെ കുട്ടിക്കുരങ്ങുകള്‍ക്കു ജന്മം നല്‍കിയത്. ജൈവ വൈദ്യശാസ്ത്ര ഗവേഷണരംഗത്ത് പുതിയ കണ്ടെത്തലുകള്‍ നടത്താന്‍ ഇതുവഴി സാധ്യമാകുമെന്നാണ് അക്കാദമിയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
മനുഷ്യരില്‍ സാധാരണമായ നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടതാണ് സര്‍ക്കാഡിയന്‍ റിഥം ഡിസോഡര്‍ അഥവാ ജൈവഘടികാരത്തിലെ തകരാര്‍. അള്‍ഷിമേഴ്‌സ്, പ്രമേഹം എന്നിവയ്ക്കു പുറമെ വിഷാദരോഗം, കാന്‍സര്‍, ഉറക്ക പ്രശ്‌നങ്ങള്‍, മറ്റു നാഡിക്ഷയ രോഗങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇത്തരം രോഗങ്ങളെ കുറിച്ചു പഠിക്കാന്‍ ഇതുവരെ എലികളെയും ഈച്ചകളെയുമൊക്കെയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇവ മനുഷ്യരില്‍നിന്നു ജനിതകപരമായി ഏറെ വ്യത്യസ്തമാണ്. ഇതിനാലാണ് മനുഷ്യരുമായി ജനിതകപരമായി ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന, സമാനമായ രോഗങ്ങളുള്ള കുരങ്ങുകളുടെ ക്ലോണ്‍ പതിപ്പുകളിറക്കിയതെന്നാണ് ഷാങ്ഹായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇത്തരം അസുഖങ്ങളെ കുറിച്ചു ഗവേഷണം നടത്താനും അവയുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ പരീക്ഷിക്കാനും ഇവ ഏറെ ഉപകാരപ്പെടുമെന്നും ഇവര്‍ പറയുന്നു.
ശാസ്ത്രചരിത്രത്തില്‍ ആദ്യമായി ക്ലോണിങ്ങിലൂടെ കുരങ്ങുകളെ സൃഷ്ടിച്ചതും ചൈന തന്നെയാണ്. 2017ലാണ് സോങ് സോങ്, ഹുവാ ഹുവ എന്നിങ്ങനെ രണ്ടു കുരങ്ങുകളെ ചൈനീസ് ശാസ്ത്രഗവേഷകര്‍ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചത്. അതേസമയം, ജനിതകമാറ്റം വഴി ഇരട്ടക്കുട്ടികളെ ജനിപ്പിച്ച ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഹീ ജാന്‍ക്വി എന്ന ശാസ്ത്രജ്ഞന്‍ ഇപ്പോഴും ചൈനയില്‍ വിചാരണ നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."