പോര്‍വിളികളുമായി ഇന്ത്യ- ഓസീസ് താരങ്ങള്‍
ബംഗളൂരു: ഇന്ത്യ- ആസ്‌ത്രേലിയ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ എക്കാലത്തും സംഭവബഹുലമായി തീരാറുണ്ട്. മത്സരത്തിനു മുന്‍പ് കളത്തിനു പുറത്തു നടക്കുന്ന വാക് യുദ്ധങ്ങളും മൈതാനത്തെ പോര്‍ വിളികളും സ്ലഡ്ജിങ്ങും എല്ലാമായി ഒരു ത്രില്ലര്‍ പ്രതീതിയാണു എക്കാലത്തും അവ സമ്മാനിക്കാറുള്ളത്. രണ്ടാം ടെസ്റ്റ് തുടങ്ങും മുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും നടത്തിയ വാക് പോരാട്ടം വരാനിരിക്കുന്ന പരുക്കന്‍ അടവുകളുടെ തുടക്കമായിരുന്നു.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ പലപ്പോഴും ഗ്രൗണ്ടില്‍ വാക്കുകൊണ്ട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടി ഇരു നായകരും തുടക്കമിട്ട പോരാട്ടം മറ്റു താരങ്ങളിലേക്കും പടരുകയാണ്. ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ ബൗളിങിനിടെ സ്മിത്തിനു നേരെ മുഖം കൊണ്ടു കളിയാക്കി കാണിച്ചത് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി നിറയുകയാണ്. ഇഷാന്ത് എറിഞ്ഞ പന്ത് ആയാസപ്പെട്ട് മുട്ടാന്‍ ശ്രമിച്ച സ്മിത്തിന്റെ ആ സമയത്തെ മുഖഭാവം അനുകരിച്ച ഇഷാന്തിന്റെ ചിത്രമാണു സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ഇഷാന്തിന്റെ അനുകരണം കണ്ട് വിരാട് കോഹ്‌ലി പൊട്ടിച്ചിരിക്കുന്ന രംഗത്തിന്റെ വീഡിയോ ക്ലിപിങ്ങുകളും ഇപ്പോള്‍ വന്‍ ഹിറ്റാണു. തനിക്കു നേരെയുള്ള ഇഷാന്തിന്റെ പ്രതികരണം സ്മിത്തിനേയും ചിരിപ്പിച്ചു. അതിനിടെ ഇഷാന്ത് പന്തെറിയുന്നതിനിടെ മൈതാനത്ത് നിലതെറ്റി വീണപ്പോള്‍ ക്രീസിലുണ്ടായിരുന്ന റെന്‍ഷോയ്ക്കും ചിരിപൊട്ടി.
മത്സരത്തിനിടെ റെന്‍ഷോയ്ക്കും പണി കിട്ടി. അശ്വിന്റെ ഓവറില്‍ നോണ്‍ സ്‌ട്രൈക്കില്‍ റെന്‍ഷോയും ബാറ്റിങ് ക്രീസില്‍ സ്മിത്തുമായിരുന്നു. സ്മിത്ത് മുന്നിലേയ്ക്ക് തട്ടിയിട്ട പന്തു പിടിക്കാന്‍ ശ്രമിച്ച അശ്വിനു പിഴച്ചു. നോണ്‍ സ്‌ട്രൈക്കില്‍ നിന്ന റെന്‍ഷോ മാറിക്കൊടുക്കാത്തതായിരുന്നു കാരണം. റെന്‍ഷോയെ അശ്വിന്‍ തള്ളി നീക്കിയെങ്കിലും പന്തു കടന്നുപോകുകയും ഓസീസ് ഒരു റണ്‍ ഓടിയെടുക്കുകയും ചെയ്തു. സംഭവം കണ്ടു പ്രകോപിതനായ കോഹ്‌ലി റെന്‍ഷോയുടെ അടുത്തെത്തി ദേഷ്യപ്പെട്ട് പ്രതികരിച്ചു. മറുവശത്ത് അശ്വിന്‍ സ്മിത്തുമായും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ അമ്പയര്‍ ഇടപെട്ടാണു പ്രശ്‌നം ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."