പിണറായി സുവിശേഷവും ആചാരവെടിയും
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ക്രിസ്തുവിന്റെ സുവിശേഷം പോലെ പിണറായി എഴുതിയ സുവിശേഷമെന്നാണ് മുസ്‌ലിം ലീഗിലെ കെ.എന്‍.എ ഖാദറിന്റെ പരിഹാസം. എന്നാല്‍ തിരുവഞ്ചൂരിനാകട്ടെ നയപ്രഖ്യാപന പ്രസംഗം സര്‍ക്കാര്‍ ആചാരവെടിയാക്കി മാറ്റി എന്നാണ്.
ഇന്നലെ നിയമസഭയില്‍ ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് ഇരുവരുടെയും കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷത്തെ ആവര്‍ത്തനമാണ് വാചകങ്ങള്‍ തിരിച്ചിട്ടും ഗവര്‍ണറെ കൊണ്ട് വായിപ്പിച്ചതെന്നാണ് ഇവരുടെ ആക്ഷേപം. ശബരിമല വിഷയത്തില്‍ ലീഗിന്റെ നിലപാടെന്താണെന്ന് ചോദിച്ച സി. ദിവാകരന്, അവിശ്വാസികള്‍ക്കും വിശ്വാസത്തിന് എതിരുനില്‍ക്കുന്നവര്‍ക്കും എതിരേയാണെന്ന് ഖാദറിന്റെ മറുപടി. ലിംഗനീതിയെക്കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചും വാചാലമാകുന്ന പിണറായി വിജയന്‍ സ്ത്രീകളെ കയറ്റി ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അതിനാണല്ലോ നയ പ്രഖ്യാപന നയത്തില്‍ പ്രധാന പദ്ധതിയായി ശബരിമലയില്‍ വിമാനത്താവളം ഉണ്ടാക്കുമെന്ന് പറഞ്ഞതെന്നും ഖാദര്‍. കമ്മ്യൂണിസ്റ്റുകാരാണ് നവോത്ഥാനത്തിനു ചോരകൊടുത്ത് ശക്തി പകര്‍ന്നെതെന്ന് സി. ദിവാകരന്റെ വാദം. നെഹ്‌റുവിന്റെയും സ്വാമി വിവേകാനന്ദന്റെയും വാചകങ്ങള്‍ ഉദ്ധരിച്ച് പ്രതിപക്ഷത്തിനെ ബോധവല്‍ക്കരിക്കുകയായിരുന്നു ദിവാകരന്‍.
അനുവദിച്ച സമയത്തില്‍ കൂടുതല്‍ പ്രസംഗത്തിനായി എടുത്തപ്പോള്‍ ചെയറിലിരുന്ന മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു, ബിജിമോളുടെ രണ്ടു മിനിട്ട് കൂടി സി. ദിവാകരന് നല്‍കിയിട്ടുണ്ടെന്ന്. ഇതുകേട്ട് വി.ടി ബല്‍റാം ചടി എണീറ്റു. വനിതാ മതില്‍ കെട്ടിപ്പൊക്കിയവര്‍ വനിതാ അംഗത്തിന്റെ അവസരം കവര്‍ന്നെടുക്കുന്നു എന്ന് ബല്‍റാം.
യു.ഡി.എഫ് സംഘ്പരിവാറിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് നൗഷാദിന്റെ വേവലാധി. മുസ്‌ലിം ലീഗിനു കൊട്ടു കൊടുക്കാനും നൗഷാദ് സമയം കണ്ടെത്തി. മുസ്‌ലിം സമുദായത്തെ ആകെ ബാധിക്കുന്ന മുത്വലാഖ് ബില്ലിന്റെ വോട്ടെടുപ്പ് നടന്നപ്പോള്‍ ബിരിയാണിക്കൊപ്പം പോയ നേതാക്കളാണ് ലീഗ് നേതൃത്വത്തിലുള്ളതെന്നാണ് നൗഷാദിന്റെ പരിഹാസം. പ്രളയ സമയത്ത് പിണറായി വിജയനല്ല മുഖ്യമന്ത്രിയായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് നന്ദി പ്രമേയം അവതരിപ്പിച്ച് മാത്യു ടി. തോമസ്. പിണാറായി വിജയന്‍ ദൈവം തന്ന വരദാനമാണെന്ന് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. മന്ത്രിയായിരുന്നപ്പോള്‍ സ്വന്തം വകുപ്പിലെ ഫണ്ട് ലാപ്‌സാക്കിയ മാത്യു ടി. തോമസിനെ തന്നെ നന്ദി പ്രമേയം അവതരിപ്പിക്കാന്‍ ഏല്‍പ്പിച്ചതോടെ പിണറായി വിജയന്‍ നര്‍മബോധമുള്ളവനാണെന്ന് തെളിയിച്ചു എന്നായി പി.സി ജോര്‍ജ്.
കെ.ടി ജലീല്‍ സ്വര്‍ഗത്തിലേക്ക് പലര്‍ക്കും ടിക്കറ്റ് നല്‍കുന്നുണ്ട്, എന്നാല്‍ ജലീലിന് എല്ലാമായ പിണറായി വിജയന് എന്താ ടിക്കറ്റ് നല്‍കാത്തതെന്നാണ് എന്‍. ശംസുദ്ദീന്റെ സംശയം. ഇത് നന്ദികേടായി പോയെന്നും ജലീലിനോട് ശംസുദ്ദീന്‍. വനിതാ മതിലിന് നേതൃത്വം നല്‍കിയ സി.പി സുഗതനെ ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായ ഉമര്‍ ആണെന്നാണ് ജലീലിന്റെ കണ്ടെത്തല്‍. വെള്ളാപ്പള്ളിയെ മൂന്നാം ഖലീഫയായ ഉസ്മാന്‍ ആക്കാന്‍ സാധ്യതയുണ്ടെന്നും ശംസുദ്ദീന്‍ പറഞ്ഞു.
സര്‍ക്കാര്‍ 32 മാസത്തെ സേവനം എന്നു പറയുന്നത് ആചാരലംഘനം, ഭീകരാന്തരീക്ഷ സൃഷ്ടി, സ്ത്രീ പീഡനം, ബന്ധുജന സേവ എന്നിവയാണെന്നും സി.പി.എമ്മും സംഘ്പരിവാറും പകല്‍ ശത്രുക്കളും രാത്രിയില്‍ മിത്രങ്ങളുമാണെന്നും കെ. മുരളീധരന്‍. ബാലന്റെ സീറ്റ് പോയത് ജാതകദോഷം കൊണ്ടാണെന്നാണ് വി.പി സജീന്ദ്രന്റെ കണ്ടെത്തല്‍.ബാലന്റെ നക്ഷത്രം മൂലമായതു കൊണ്ടാണ് രണ്ടാമത്തെ സീറ്റില്‍ നിന്നും ഒന്‍പതിലേക്ക് മാറിയത്. എന്നാല്‍, തന്റെ നക്ഷത്രം മൂലമല്ലെന്നും ചോതിയാണെന്നും എ.കെ ആന്റണിയുടെ നക്ഷത്രമാണ് മൂലമെന്നും ബാലന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."