HOME
DETAILS
MAL
കൊവിഡ്: ആശങ്കപ്പെടരുത്, വേണ്ടത് മുന്‍കരുതല്‍
backup
March 04 2020 | 01:03 AM
ചൈനയിലെ വുഹാനില്‍നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ഇന്ന് അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപിച്ചിരിക്കുന്നു. ഒരു അജ്ഞാത രോഗം വുഹാന്‍ നഗരത്തില്‍ ന്യൂമോണിയ പോലുള്ള അസുഖത്തിനു കാരണമാകുന്നുവെന്ന് 2019 ഡിസംബര്‍ അവസാനത്തില്‍ ചൈനയിലെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. അതിനു ശേഷമാണ് രോഗകാരി കൊറോണ വൈറസാണെന്നു കണ്ടെത്തിയത്. നിരവധി പേരെ ബാധിച്ച കൊറോണ വൈറസ് ഇന്നു ലോകമെമ്പാടും ഭയവും ഉത്കണ്ഠയും വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. 2020 ഫെബ്രുവരി 11നു ലോകാരോഗ്യ സംഘടന കൊറോണ മൂലമുണ്ടാകുന്ന രോഗത്തിനു COVID19 (coronavirus disease 2019) എന്നു നാമകരണം ചെയ്തു.
എന്താണ് SARSCoV 2 (കൊവിഡ്) ?
Coronaviridae എന്ന കുടുംബത്തില്‍പെട്ട ഒരു RNA virus ആണ് SARSCoV 2. കൊറോണ വൈറസുകളുടെ ജീനോമിക് വലുപ്പം ഏകദേശം 27 മുതല്‍ 34 കിലോബേസ് വരെയാണ്. ഇത് അറിയപ്പെടുന്ന വൈറസുകളില്‍ ഏറ്റവും വലുതാണ്. ഇതിന്റെ ഉപരിതലത്തില്‍ കിരീടം പോലുള്ള spike എന്ന വസ്തുക്കള്‍ ഉണ്ട്. കിരീടത്തിനു ലാറ്റിന്‍ ഭാഷയില്‍ കൊറോണ എന്നാണു പറയപ്പെടുന്നത്. ഇതാണ് ഇത്തരം വൈറസുകളെ കൊറോണ എന്നു വിളിക്കപ്പെടാന്‍ കാരണം.
കൊറോണ വൈറസുകളെ ആദ്യമായി തിരിച്ചറിയുന്നത് 1960കളിലാണ്. കോഴികളിലെ ബ്രോങ്കൈറ്റിസ് എന്ന രോഗത്തിനു കാരണമായ വൈറസിനെയും മനുഷ്യരില്‍ ജലദോഷത്തിനു കാരണമായ രണ്ട് വൈറസുകളെയുമാണ് ആദ്യമായി കൊറോണ വൈറസുകള്‍ എന്ന ഗണത്തില്‍പെടുത്തിയത്. 2003ല്‍ SARSCoV, 2004ല്‍ HCoV NL63, 2005 ല്‍ HKU1, 2012ല്‍ MERSCoV, 2019ല്‍ SARSCoV2 എന്നീ പേരുകളില്‍ അറിയപ്പെട്ട ഈ കുടുംബത്തിലെ മറ്റ് അംഗങ്ങളെ കാലക്രമത്തില്‍ തിരിച്ചറിഞ്ഞു. ഇവയില്‍ ഭൂരിഭാഗവും ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്കു കാരണമാകുന്നതായി പിന്നീട് കണ്ടെത്തി. കൊറോണ വൈറസുകള്‍ സൂനോട്ടിക് ആണ്. അതായത് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ്. SARSCoV സിവെറ്റ് പൂച്ചകളില്‍നിന്ന് മനുഷ്യരിലേക്കും MERSCoV ഒട്ടകങ്ങളില്‍നിന്നുമാണു പകരുന്നത്. മനുഷ്യരെ ഇതുവരെ ബാധിച്ചിട്ടില്ലാത്തതും എന്നാല്‍ മൃഗങ്ങളില്‍ കാണപ്പെടുന്നതുമായ നിരവധി വൈറസുകള്‍ ഉള്ളതായി പഠനങ്ങള്‍ പറയുന്നു.
വൈറസുകളുടെ നിലനില്‍പ്പ്
മഴയുടെ അളവ്, അന്തരീക്ഷത്തിലെ ഈര്‍പ്പം, താപനിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഇവയെല്ലാം വൈറസുകളുടെ ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട്. വൈറസുകള്‍ മറ്റൊരു ജീവകോശത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരായതു കൊണ്ട് ഇത്തരം കാലാവസ്ഥാ മാറ്റങ്ങള്‍ ഒരുപക്ഷേ നിര്‍ജീവമായ വൈറസുകളെ സജീവമാക്കാനും കാരണമാകാം. അതു വൈറസുകളുടെ ഘടന, അനുവര്‍ത്തനം, ജനിതകഘടന എന്നിവയില്‍ പ്രകടമായ മാറ്റങ്ങള്‍ക്കു ക്രമേണ കാരണമാകുന്നു.
വ്യവസായവല്‍ക്കരണം, നഗരവല്‍ക്കരണം ഇവയെല്ലാം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കുറെയേറെ നശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മനുഷ്യന്‍ കാടുകള്‍ കൈയടക്കിയതു വഴി വവ്വാലുകള്‍ പോലെയുള്ള ജന്തുക്കളുടെ വാസസ്ഥലം നഷ്ടമായി. ഇതോടെ ഇവ കൂട്ടത്തോടെ നാടുകളിലേക്ക് ചേക്കേറി. വവ്വാലുകളുടെ ശരീരം അനേകം വൈറസുകളുടെ വാസസ്ഥലമാണെന്നു പഠനങ്ങള്‍ പറയുന്നു. ഈനാമ്പേച്ചികളില്‍ കാണപ്പെടുന്ന വൈറസുകളുമായി കൊറോണ വൈറസുകള്‍ക്ക് സാമ്യതയുണ്ടെന്ന് ചില പഠനങ്ങള്‍ പറയുമ്പോഴും ഇതുസംബന്ധിച്ചുള്ള ശരിയായ ഗവേഷണ ഫലങ്ങള്‍ക്ക് കാത്തിരിക്കേണ്ടതുണ്ട്.
മുന്നറിയിപ്പുകള്‍
കൊറോണ വൈറസ് സൃഷ്ടിച്ച ഭീകരത നേരത്തെ ചൈനയില്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. അതിനിടെ കൊറോണ രാജ്യാന്തര തലത്തില്‍ പടരാനും വൈറസിന്റെ ആഘാതം ശക്തമാകാനും വളരെയേറെ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നല്‍കിക്കഴിഞ്ഞു. മനുഷ്യര്‍ക്കിടയില്‍ എത്ര എളുപ്പത്തില്‍ വൈറസ് പടരുന്നുവെന്നത് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇപ്പോള്‍ അലര്‍ട്ട് നല്‍കിയത് ജനത്തെ ഭയപ്പെടുത്താനല്ലെന്നും മുന്‍കരുതല്‍ ശക്തമാക്കാനാണെന്നും വ്യക്തമാക്കുന്നു. ഇതുവരെയുള്ള കണക്കു പ്രകാരം ലോകത്ത് 90,000ത്തില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും ചൈനയിലാണ്.
കൊറോണ അത്യധികം ഭീതിപ്പെടുത്തുന്ന ഈ സാഹചര്യത്തില്‍ രോഗബാധിതര്‍ക്കും അല്ലെങ്കില്‍ രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നവര്‍ക്കും കൃത്യസമയത്തു തന്നെ ചികിത്സ ഉറപ്പാക്കാനായി ലോകാരോഗ്യ സംഘടന ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍, ജീവിക്കുന്ന ചുറ്റുപാടുകള്‍, അടുത്തിടെ നടത്തിയ യാത്രകളുടെ വിവരങ്ങള്‍, ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ എന്നിവയെ അടിസ്ഥാനമാക്കി ലബോറട്ടറി പരിശോധനാഫലം വരുന്നതിനു മുന്‍പുതന്നെ രോഗനിര്‍ണയം നടത്താനും ചികിത്സ തീരുമാനിക്കാനും ഈ മാനദണ്ഡങ്ങള്‍ ഒരുപരിധി വരെ സഹായിക്കുന്നു.
പ്രധാന ലക്ഷണങ്ങള്‍
പനി, ജലദോഷം, ചുമ, ശ്വാസംമുട്ടല്‍ എന്നിവയാണ് ഈ വൈറല്‍ അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടുതല്‍ കഠിനമായ കേസുകളില്‍ അണുബാധ ന്യൂമോണിയ, കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം, വൃക്ക തകരാര്‍, മരണം എന്നിവയ്ക്കു കാരണമാകാം.
പടരുന്നത് എങ്ങനെ?
കൊറോണ വൈറസ് പടരുന്നത് പ്രധാനമായും ശരീരസ്രവങ്ങള്‍ വഴിയാണ്. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ വായില്‍നിന്ന് പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളില്‍ വൈറസുകള്‍ ഉണ്ടാകാം.
ഇതു വായുവില്‍ കൂടി പടരുകയും അടുത്തുള്ളവരിലേക്ക് എത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതെ തന്നെ വൈറസ് വ്യാപിക്കുന്നുണ്ടെന്നും ഇതു ആരോഗ്യരംഗത്തെ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച വിവരം വ്യക്തമാക്കുന്നത്. കൊറോണ വൈറസ് എങ്ങനെയാണ് വ്യാപിക്കുന്നതെന്നും എന്തുകൊണ്ടാണ് ഇതിനെ നിയന്ത്രിക്കാന്‍ കഴിയാത്തതെന്നുമുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ട ജേര്‍ണലിലാണ് ഈ പരാമര്‍ശം.
പ്രതിരോധ മാര്‍ഗങ്ങള്‍
* വ്യക്തിശുചിത്വം പാലിക്കുക.
* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക.
* കൈകള്‍ ശുചിയാക്കുക. ആല്‍ക്കഹോള്‍ അടങ്ങിയ അണുവിമുക്ത പദാര്‍ഥങ്ങള്‍ ഉപയോഗിക്കാം.
* ശരിയായ രീതിയില്‍ പാകപ്പെടുത്തിയതും വൃത്തിയായതുമായ ഭക്ഷണം കഴിക്കുക.
* കുടിക്കുന്ന വെള്ളം മലിനമല്ലെന്ന് ഉറപ്പുവരുത്തുക.
* രോഗികളെ ശുശ്രൂഷിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുക.
* മാസ്‌ക്, ഗ്ലൗസ് എന്നിവ ശരിയായ വിധം ധരിക്കുക.
* അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക.
* രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. രോഗബാധിത മേഖലയിലേക്കുള്ള യാത്രകളും.
* മൃഗങ്ങളില്‍നിന്ന് പകരാന്‍ സാധ്യതയുള്ളതിനാല്‍ അകലം പാലിക്കുക.
മരുന്നുകള്‍/
ഗവേഷണങ്ങളുടെ മുന്നേറ്റം
COVID19 നെ പ്രതിരോധിക്കുന്നതിനായി കൃത്യമായ ചികിത്സകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനായി അനേകം പഠനങ്ങള്‍ നടക്കുന്നുണ്ട്. എബോളയെ പ്രതിരോധിക്കാന്‍ വികസിപ്പിച്ചെടുത്ത ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ ഉപയോഗിച്ച് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായാണു റിപ്പോര്‍ട്ടുകള്‍. ശാസ്ത്രജ്ഞര്‍ ഈ വൈറസിനെതിരേയുള്ള വാക്‌സിന്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.
അതേസമയം, വൈറസിനെതിരേയുള്ള വാക്‌സിനുകളോ, പ്രതിരോധ ചികിത്സയോ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് വലിയ വെല്ലുവിളിയായാണ് ആരോഗ്യരംഗം കാണുന്നത്. ആന്റിവൈറല്‍ മരുന്നുകളോടുള്ള വൈറസുകളുടെ രോഗപ്രതിരോധം ക്ലിനിക്കല്‍ പ്രാധാന്യമുള്ള പഠനവിഷയമാണ്. വൈറസുകളില്‍ നടക്കുന്ന പുനഃസംയോജന പ്രക്രിയ എന്ന പരിണാമ പ്രവണത പലപ്പോഴും അവ്യക്തമാണ്. ഭാവിയില്‍ വ്യാപിച്ചേക്കാവുന്ന പകര്‍ച്ചവ്യാധികള്‍ ഏതൊക്കെ രോഗകാരികളാണെന്നു പ്രവചിക്കുക എന്നതാണു മറ്റൊരു വെല്ലുവിളി. പകര്‍ച്ചവ്യാധി പടരാന്‍ സാധ്യതയുള്ള രോഗകാരിയെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അവയ്‌ക്കെതിരേയുള്ള പ്രതിരോധ ചികിത്സയും നിയന്ത്രണ നടപടികളും വികസിപ്പിക്കാന്‍ കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള പഠനങ്ങള്‍ ഇത്തരം ഗവേഷണങ്ങള്‍ക്ക് സഹായകമാകുന്നു.
വേണ്ടത് ഭയമല്ല
കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാമെന്നതു സംബന്ധിച്ച് രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള പ്രോട്ടോകോളുകള്‍, ചികിത്സ, ആരോഗ്യ കേന്ദ്രങ്ങളില്‍ ഉണ്ടാകാവുന്ന അണുബാധ നിയന്ത്രണം, പുതിയ വൈറസിനെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താനായി പൊതുജനങ്ങളുമായുള്ള ആശയവിനിമയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെടുന്ന ഇത്തരം പകര്‍ച്ചവ്യാധികള്‍ എല്ലാ നാടുകളിലുമെത്താം. വാക്‌സിനും മരുന്നുമില്ലാത്ത ഇത്തരം രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ കരുതലാണ് പ്രധാനമായും വേണ്ടത്. സോഷ്യല്‍ മീഡിയയില്‍ അസത്യപ്രചാരണങ്ങളും ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളും നിരന്തരം കാണുന്നുണ്ട്. അതില്‍ പരിഭ്രാന്തരാകാതെ ഉത്തരവാദപ്പെട്ട സ്രോതസുകളില്‍നിന്ന് മാത്രം വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുക. വിദേശയാത്രകള്‍ ചെയ്യും മുന്‍പ് അവിടത്തെ രീതികളെക്കുറിച്ചും ആരോഗ്യ അന്തരീക്ഷത്തെക്കുറിച്ചും വ്യക്തമായ ധാരണ വേണം.
ഗള്‍ഫ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഇപ്പോള്‍ രോഗനിയന്ത്രണത്തിനായി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗബാധ തോന്നിയാല്‍ ഉടന്‍ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചികിത്സ തേടണം. ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും നിരന്തര പരിശ്രമങ്ങളിലൂടെയും പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ സഹകരണത്തിലൂടെയുമാണ് ഭീകരമായ നിപാ വൈറസിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. ആ പ്രതിരോധപാഠം ഉള്‍ക്കൊണ്ട് കൊറോണയെയും നമുക്ക് പിടിച്ചുകെട്ടാം.
(കംപ്യൂട്ടേഷനല്‍ ബയോളജിസ്റ്റ്-വൈറോളജി ആന്‍ഡ് കാന്‍സര്‍ ബയോളജി റിസര്‍ച്ചര്‍ ആണ് ലേഖിക)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."