നെഞ്ചുടുക്കില്‍ താളമിട്ട് അവര്‍ പാടി; നൊമ്പരപ്പാട്ട്
കണ്ണൂര്‍: വിറയാര്‍ന്ന ശബ്ദത്തില്‍ പ്രാര്‍ഥനാഗീതം പാടുമ്പോള്‍ സിസിലിയുടെ മനസ്സില്‍ അഞ്ചു പതിറ്റാണ്ടായുള്ള ഒറ്റപ്പെട്ട ജീവിതത്തിന്റെ വേദന വിങ്ങുകയായിരുന്നു. ജീവിത പുഷ്പം വാടും മുന്‍പെ കനിവോടെ നീ ഇറുത്തെടുക്കേണമേ എന്നത് പാട്ടിലെ വരികള്‍ മാത്രമായിരുന്നില്ല, ഉള്ളുരുകിയ പ്രാര്‍ഥന തന്നെയായിരുന്നു. പൂവം സെന്‍്‌റ് ജോസഫ് സെന്റര്‍ ഫോര്‍ ഡിസേബിള്‍ഡിലെ അന്തേവാസിയാണ് സിസിലി. ലോക വനിതാ ദിനാഘോഷത്തതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച സ്‌നേഹാര്‍ദ്രം പരിപാടിയില്‍ ഇവരെപ്പോലെ നൂറിലേറെപ്പേരാണ് പങ്കെടുത്തത്. ചേര്‍ത്തല സ്വദേശിയായ സിസിലിക്ക് ചെറുപ്പത്തിലേ ഇരു കാലിനും മന്തുരോഗം ബാധിച്ചതാണ്. മാതാപിതാക്കള്‍ മരിച്ചതോടെ പതിനാലാം വയസ്സില്‍ ആങ്ങളമാര്‍ അനാഥാലയത്തിലാക്കി. 50 വര്‍ഷമായി ഒരോ അനാഥാലയങ്ങളില്‍ അവര്‍ മാറിമാറി കഴിഞ്ഞ്കൂടും. ഏറ്റവും ഒടുവിലായാണ് പൂവത്തെത്തിയത്. ചേലേരിയിലെ പാര്‍വതി അമ്മയുടെ കഥയും വ്യത്യസ്തമല്ല. രണ്ടര വര്‍ഷമായി ഈ 78 കാരിയുടെ ജീവിതം അഴീക്കോട് വൃദ്ധസദനത്തിലാണ്. ബന്ധുക്കളാരും വരാറുമില്ല. ഇങ്ങനെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒറ്റപ്പെട്ടുപോയവരും മക്കളും ബന്ധുക്കളും കൈയൊഴിഞ്ഞവരുമായവര്‍ ഒരു ദിവസം മുഴുവന്‍ കണ്ണൂര്‍ പയ്യാമ്പലത്തെ ഹോട്ടല്‍ മാറമരയില്‍ ഒത്തുകൂടി. ജീവിതത്തില്‍ കരയാനും ചിരിക്കാനും മറുപോയവര്‍. അനുഭവിച്ച തീഷ്ണ യാഥാര്‍ത്ഥ്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കി എല്ലാ വേദനകളും മറ്റുപാടിയും അനുഭവങ്ങള്‍ പങ്കിട്ടും അവര്‍ ഒരു ദിനം ജീവിച്ചുതീര്‍ത്തു. പുവം സെന്‍്‌റ് ജോസഫ് സെന്റര്‍, അഴീക്കോട് ഗവ. വൃദ്ധമന്ദിരം, പയ്യൂര്‍ പകല്‍വീട്, തോട്ടട അഭയനികേതന്‍ എന്നിവിടങ്ങളിലെ നൂറിലേറെ വനിതകളും ജീവനക്കാരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസി. കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എഡിഎം മുഹമ്മദ് യൂസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസി. പി.പി ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി ജയബാലന്‍ , ടി.ടി റംല, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. കെ.വി ലതീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. പയ്യാമ്പലം കടപ്പുറത്ത് സന്തോഷകരമായ ഒരു സായാഹ്നവും ചെലവഴിച്ചാണ് അവരെല്ലാം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."