അനധികൃത കരിങ്കല്‍ ക്വാറികളില്‍നിന്ന് ഹിറ്റാച്ചികള്‍ പിടികൂടി
എരുമപ്പെട്ടി: കടങ്ങോട് മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളില്‍ എരുമപ്പെട്ടി പൊലിസ് നടത്തിയ പരിശോധനയില്‍ മൂന്ന് ഹിറ്റാച്ചികള്‍ പിടികൂടി. സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ സുബിന്തിന്റെ നേതൃത്വത്തില്‍ പൊലിസ് ഇന്നലെ പുലര്‍ച്ചെ ക്വാറികളില്‍ മിന്നല്‍ പരിശോധന നടത്തിയത്.
അനുമതിയില്ലാതെ മയിലാടും കുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ക്വാറിയില്‍ നിന്നാണ് കല്ല് പൊട്ടിക്കുന്ന യന്ത്രങ്ങളായ ഹിറ്റാച്ചികള്‍ പിടികൂടിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിന് മുന്‍പും ക്വാറികളില്‍ നിന്നും ടിപ്പര്‍ ലോറികളും ഹിറ്റാച്ചികളും ജെ.സി.ബികളും പിടിച്ചെടുത്തിട്ടുണ്ട്.
തൃശൂര്‍ ആര്.ഡി.ഒയും മയിലാടുംകുന്ന് മല്ലന്‍ക്കുഴി ക്വാറികളില്‍ പരിശോധന നടത്തി. കടങ്ങോട് കുന്നിലെ ക്രഷറുകള്‍ ഉള്‍പ്പടെയുള്ള ക്വാറികള്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയ ആര്.ഡി.ഒ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വില്ലേജ് ഓഫിസര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."