വോട്ടര്‍ ഐ.ഡി സുനിലിന്റേത് ഞെളിഞ്ഞിരിക്കുന്നത് നായ!
കൊല്‍ക്കത്ത: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലെ തെറ്റുതിരുത്താന്‍ അപേക്ഷിച്ച സുനില്‍ പുതിയ ഐ.ഡി കാര്‍ഡ് കിട്ടിയപ്പോള്‍ ഞെട്ടി. തിരുത്തിയതിലും വലിയ തെറ്റ് പുതുതായി കടന്നുകൂടിയിരിക്കുന്നു. പുതിയ കാര്‍ഡില്‍ തന്റെ ഫോട്ടോയ്ക്കു പകരം നായയുടെ ഫോട്ടോയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ബംഗാളിലെ മുര്‍ഷിദാബാദ് രാംനഗര്‍ സ്വദേശി സുനില്‍ കാര്‍മകറിനാണ് ഇങ്ങനെയൊരു ദുരനുഭവമുണ്ടായത്. തന്റെ ആദ്യ കാര്‍ഡിലെ തെറ്റ് തിരുത്താനാണ് ഇദ്ദേഹം അപേക്ഷിച്ചത്. ഇതുപ്രകാരം ഓഫിസില്‍നിന്നു വിളിയെത്തി പുതിയ ഐ.ഡി കാര്‍ഡ് വാങ്ങാനത്തിയ സുനില്‍ കണ്ടത് തന്റെ ഫോട്ടോയ്ക്കു പകരം അച്ചടിച്ചുവന്ന നായയുടെ ചിത്രമാണ്. ഇതു തന്റെ അന്തസിനെ ബാധിക്കുന്ന പ്രശ്‌നമാണെന്നു വ്യക്തമാക്കിയ സുനില്‍, വിഷയം ഓഫിസില്‍ പോയി അധികൃതരോട് പറയുകയും ചെയതു. എന്നാല്‍, വിഷയത്തില്‍ പ്രതികരണവുമായി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ രംഗത്തെത്തി. തെറ്റ് തിരുത്തിയിട്ടുണ്ടെന്നും ശരിയായ ഫോട്ടോയോടുകൂടിയ പുതുക്കിയ ഐ.ഡി കാര്‍ഡ് സുനിലിന് ഉടനെ ലഭിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു. നായയുടെ ഫോട്ടോ കയറിയത് ഓണ്‍ലൈന്‍ നടപടികളിലുണ്ടായ പിഴവാകാമെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."