കേരളത്തിലെ തൊഴിലിടങ്ങളിലേക്ക് ആട്ടിന്‍പറ്റങ്ങളെ തെളിച്ചെത്തിയ ധന്‍ബാദ് എക്‌സ്പ്രസ്
ആലപ്പുഴ: ജന്മനാട്ടില്‍ അധ്വാനിക്കാന്‍ മറന്നുപോയ മലയാളിയുടെ തൊഴിലിടങ്ങളിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളുമായി ആദ്യമായി കൂകിപ്പാഞ്ഞെത്തിയ തീവണ്ടിയാണ് ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസ്. റെയില്‍വേയെ അടക്കി വാണ ലാലു പ്രസാദ് യാദവ് ആയിരുന്നു ധന്‍ബാദില്‍ നിന്നും കിഴക്കിന്റെ വെനീസിലേക്ക് തീവണ്ടി ഓടിക്കാനിറക്കിയത്. ധന്‍ബാദ് ആലപ്പി എക്‌സ്പ്രസിലേറി ബിഹാറില്‍ നിന്നും തൊഴിലാളികള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഒഴുകി.
ധന്‍ബാദ് എക്‌സ്പ്രസ് കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് വരെ ചെന്നൈ വരെ മാത്രമായിരുന്നു ബിഹാറില്‍ നിന്നും തീവണ്ടി ഉണ്ടായിരുന്നത്. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ബിഹാറികള്‍ക്ക് ഗള്‍ഫായി മാറി ദൈവത്തിന്റെ സ്വന്തം നാട്. ഒറ്റയ്ക്കും കൂട്ടമായും ബിഹാറികള്‍ കേരളത്തിന്റെ തൊഴിലിടങ്ങളില്‍ കൂടുകൂട്ടി തുടങ്ങി.
ബിഹാറികള്‍ക്ക് പിന്നാലെ അസമികളും ബംഗാളികളും ബംഗ്ലാദേശികളും എത്തി, കേരളത്തിന്റെ വ്യവസായ ശാലകളിലും നിര്‍മാണ മേഖലയിലും എന്തിന് കൃഷിയിടങ്ങളില്‍ വരെ പണിയെടുക്കാന്‍. തൊഴിലാളികളെ ആട്ടിത്തെളിച്ചു നടക്കുന്ന കങ്കാണിമാരും (ഏജന്റുമാര്‍) പൊട്ടിമുളച്ചു. തലയെണ്ണി കമ്മീഷന്‍ വാങ്ങി ഏജന്റുമാരും തടിച്ചു കൊഴുത്തു.
ഇന്ന് കേരളം ഇതരസംസ്ഥാന തൊഴിലാളികളുടെ പറുദീസയാണ്. ഒപ്പം ഇതരസംസ്ഥാന ക്രിമിനലുകള്‍ക്കും ഭീകരവാദികള്‍ക്കും മാവോവാദികള്‍ക്കുമെല്ലാം ഒളിച്ചിരിക്കാനുള്ള ഇടം കൂടിയായി മാറി. ഏതെങ്കിലുമൊരു തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയാല്‍ ആര്‍ക്കും ഏതു ക്രമിനലുകള്‍ക്കും കേരളത്തില്‍ പണിയെടുക്കാം. ഇനി തിരിച്ചറിയല്‍ രേഖകളിലില്ലെങ്കിലും എല്ലാം ശരിയാക്കി നല്‍കാന്‍ കങ്കാണിമാര്‍ റെഡി.
ആദ്യം ധന്‍ബാദ് എക്‌സ്പ്രസാണ് ഇതരസംസ്ഥാന തൊഴിലാളിയുമായി കൂകിപ്പാഞ്ഞ് എത്തിയതെങ്കില്‍ ഇന്ന് നിരവധി തീവണ്ടികളാണ് കേരളത്തിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നത്. കാലുകുത്താന്‍ ഇടമില്ലാതെ തീവണ്ടികള്‍ ഇതരസംസ്ഥാന തൊഴിലാളികളെയുമായി കൂകിപ്പായുകയാണ് നാട്ടിലേക്കും തിരിച്ചും. ജീവിക്കാനായി ജീവിതം നിലനിര്‍ത്താനായി വരുന്നവരാണ് ഏറെയും. ഒപ്പം ഉള്ളിലൊളിപ്പിച്ചുവെച്ച അക്രമവാസനയുടെ വിത്തുമായി എത്തുന്നവരും ഏറെയുണ്ട്. കേരളം ഇനി കൂടുതല്‍ കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ പെരുമ്പാവൂരും ജിഷമാരും ഏറെ ആവര്‍ത്തിക്കപ്പെടും. അപ്പോളും ധന്‍ബാദ് എക്‌സ്പ്രസ് ഉള്‍പ്പടെ തീവണ്ടികള്‍ ഇതരസംസ്ഥാന തൊഴിലാളിയുമായി എത്തി കൊണ്ടേയിരിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."