സെര്‍ബിയ, വത്തിക്കാന്‍, നെതര്‍ലാന്‍ഡ്‌സ്, ഭൂട്ടാന്‍... കൊവിഡ് കൂടുതല്‍ രാജ്യങ്ങളിലേക്ക് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി
ബെയ്ജിങ്: ചൈനയില്‍ സംഹാര താണ്ഡവമാടിയ കൊവിഡ്-19 ലോകത്തെ കടുത്ത ആശങ്കയിലാക്കി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. വിവിധ രാജ്യങ്ങളില്‍ മരണ നിരക്ക് വര്‍ധിക്കുന്നതിനിടെ സെര്‍ബിയ, വത്തിക്കാന്‍, ഭൂട്ടാന്‍, നെതര്‍ലാന്‍ഡ്‌സ്, കാമറൂണ്‍ എന്നീ രാജ്യങ്ങളില്‍ ആദ്യ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂട്ടാനില്‍ യു.എസില്‍നിന്നുള്ള വിനോദസഞ്ചാരിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് സ്‌കൂളുകള്‍ അടച്ചതായും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വിനോദസഞ്ചാരത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇറാനിലെ വിദേശകാര്യ മന്ത്രിയുടെ ഉപദേശകന്‍ കൊറോണ ബാധിച്ച് മരിച്ചു. ഇറാന്റെ പ്രധാന നയന്ത്രജ്ഞനായ ഹുസൈന്‍ ഷെയ്ഖ് ഇസ്‌ലാമാണ് മരിച്ചത്. ഇറാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 124 ആയി ഉയര്‍ന്നിട്ടുണ്ട്.
ഇറ്റലിയില്‍ മരണനിരക്ക് കൂടുന്നു
റോം: യൂറോപ്പിനെ ആശങ്കയിലാക്കി ഇറ്റലിയില്‍ മരണ നിരക്ക് 148 ആയി ഉയര്‍ന്നു. വ്യാഴാഴ്ച മാത്രം പുതുതായി 41 മരണങ്ങളാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ദക്ഷിണ കൊറിയില്‍ മരണം 42 ആയി. വൈറസ് സ്ഥിരീകരിച്ചവര്‍ 6,284 ആയി ഉയര്‍ന്നു. ഫലസ്തീനില്‍ കൊവിഡ് സ്ഥരിരീകരിച്ചതിനെത്തുടര്‍ന്ന് വിനോദസസഞ്ചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തി.
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. 129 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
ഫ്രാന്‍സില്‍ 423 കൊവിഡ് കേസുകളാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴുപേരാണ് കൊവിഡ് പിടിപെട്ട് മരിച്ചത്. ഫ്രാന്‍സ് നാഷനല്‍ അസംബ്ലിയിലെ ഒരംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ 143 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. 30 പുതിയ മരണങ്ങളാണ് കഴിഞ്ഞ ദിവസം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒടുവിലത്തെ കണക്കു പ്രകാരം രാജ്യത്ത് 3042 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകമാനം ലക്ഷത്തിലേറെ പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ കൊവിഡ് ആഗോള മാര്‍ക്കറ്റില്‍ 37,400 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടം വരുത്തിയതായാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."