ആനപ്പേടിയില്‍ പൂക്കുണ്ട്
കേളകം: കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞമാസം ഒരാളുടെ ജീവന്‍ എടുത്തിട്ടും അധികൃതരുടെ നിസംഗതയില്‍ ആനമതില്‍ നിര്‍മാണം പുനരാരംഭിച്ചില്ല.
ആറളം വന്യജീവി സങ്കേതത്തോടു ചേര്‍ന്നുള്ള കേളകം പഞ്ചായത്തിലെ പൂക്കുണ്ട്, നരിക്കടവ് മേഖലകളിലെ ജനങ്ങള്‍ മരണഭയത്തിലാണു കഴിയുന്നത്. നരിക്കടവ്, പൂക്കുണ്ട് മേഖലയില്‍ എല്ലായിടത്തും ആനമതില്‍ പൂര്‍ത്തിയായെങ്കിലും സ്വകാര്യവ്യക്തി ഫയല്‍ ചെയ്ത കേസില്‍ കുറച്ചുഭാഗം ആനമതില്‍ കെട്ടാതെ ഒഴിഞ്ഞുകിടക്കുകയാണ്. നൂറുമീറ്ററോളം ഭാഗത്താണു നിര്‍മാണം നിര്‍ത്തിവച്ചത്. ഈഭാഗത്ത് കൂടിയാണു കാട്ടാനയും മറ്റു കാട്ടുമൃഗങ്ങളും ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത്.
വന്യമൃഗങ്ങളെ കാട്ടിലേക്കു തുരത്തുന്നതു മതില്‍കെട്ടാത്ത ഭാഗത്തുകൂടി വേണമെന്നതിനാല്‍ ഇതും ദുഷ്‌കരമായി. ഡി.എഫ്.ഒ, കലക്ടര്‍, നിര്‍മാണ കമ്മിറ്റി പ്രസിഡന്റ് എന്നിവര്‍ക്കെതിരെയാണു സ്വകാര്യവ്യക്തി കോടതിയില്‍ കേസ് നല്‍കിയത്.
കേസ് പിന്‍വലിക്കാന്‍ തീരുമാനമായെങ്കിലും കലക്ടറുടെ ഒപ്പ് ലഭിക്കാത്തതിനാല്‍ അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കാനായില്ല.
കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ ആറളം വന്യജീവി സങ്കേതത്തില്‍ എത്തുന്നതിനാല്‍ ആനമതില്‍ നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."