കശ്മിരില്‍ അല്‍താഫ് ബുഖാരി പുതിയ പാര്‍ട്ടി രൂപീകരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മിരിലെ മുന്‍ മന്ത്രിയും പി.ഡി.പി നേതാവുമായ സയ്യിദ് അല്‍താഫ് ബുഖാരി പുതിയ പാര്‍ട്ടിക്ക് രൂപം നല്കി. ശ്രീനഗറില്‍ നടന്ന പൊതുപരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെയാണ് ബുഖാരി 'അപ്നി പാര്‍ട്ടി' എന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്.
കശ്മിരിന് പ്രത്യേക പദവി നല്കുന്ന 370 റദ്ദാക്കിയത് മുതലുള്ള കശ്മിരിലെ അവകാശ നിഷേധങ്ങള്‍ക്കും വെല്ലുവിളികള്ക്കുമെതിരേ പോരാടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏറെ സന്തോഷം നല്കുന്ന നിമിഷമാണിത്. പ്രതീക്ഷകളും വെല്ലുവിളികളുമുണ്ട്. വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നതെന്നറിയാം. വെല്ലുവിളികളെ അതിജീവിച്ച് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാകുമെന്നു കരുതുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പീപിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി), നാഷനല്‍ കോണ്‍ഗ്രസ് (എന്‍.സി) എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും പുതിയ പാര്‍ട്ടിയില്‍ ഉണ്ടെന്നാണ് അല്‍താഫ് ബുഖാരി അവകാശപ്പെടുന്നത്. ശ്രീനഗറിലെ അമീര കടല്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള മുന്‍ നിയമസഭാംഗമായ അല്‍താഫ് പി.ഡി.പി- ബി.ജെ.പി സഖ്യസര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രി, ധനമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."