സി.പി.എം- സി.പി.ഐ ഭിന്നത കാഞ്ഞിരപ്പുഴയില്‍ പഞ്ചായത്ത് ഭരണ സമിതി യോഗം അലങ്കോലപ്പെട്ടു
മണ്ണാര്‍ക്കാട് : സി.പി.എം- സി.പി.ഐ ചേരിപ്പോര് കാഞ്ഞിരപ്പുഴയില്‍ രൂക്ഷമാകുന്നു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതി യോഗം അലങ്കോലമായി. സി.പി.ഐ അംഗങ്ങളുടെ ബഹിഷ്‌ക്കരണവും, യു.ഡി. എഫ് അംഗങ്ങളുടെ അസാന്നിധ്യവും ക്വാറം തികയാതെ യോഗം മുടങ്ങാന്‍ കാരണമായി. 19 അംഗങ്ങളുള്ള കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയില്‍ സി.പി.എമ്മിലെ 8 അംഗങ്ങളില്‍ 7 ഉം, എന്‍.സി.പി യിലെ ഒരംഗവും കൂട്ടി 8 പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്.
മുന്നണി ധാരണ പ്രകാരം 2018 നവംബര്‍ 20നാണ് സി.പി.ഐക്ക് പ്രസിഡന്റ് പദവി സി.പി.എം കൈമാറേണ്ടിയിരുന്നത്. തുടര്‍ ചര്‍ച്ചകളില്‍ ഇത് ഡിസംബര്‍ 30 ന് കൈമാറുമെന്ന വാഗ്ദാനം നല്‍കിയെങ്കിലും നീട്ടികൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ചാണ് സി.പി.ഐ യോഗം ബഹിഷ്‌ക്കരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ കേരള സന്ദര്‍ശന പരിപാടിയില്‍ സാന്നിധ്യമറായിക്കണമെന്നിരിക്കെ യോഗം അടുത്ത ദിവസത്തേക്ക് മാറ്റണമെന്ന കോണ്‍ഗ്രസിന്റെ അഭിപ്രായം മാനിക്കാത്തതിനാല്‍ ലീഗ് അംഗമുള്‍പ്പെടെ അഞ്ചംഗ യു.ഡി.എഫ് അംഗങ്ങളും യോഗം ബഹിഷ്‌ക്കരിച്ചു ഇതിന് പുറമേ യു.ഡി.എഫ് വിജയിച്ച 5, 6 വാര്‍ഡുകളില്‍ ആദിവാസികള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന കാഞ്ഞിരം പാങ്ങോട് ആനമൂളി റോഡിന്റെ വികസനത്തില്‍ മുഖം തിരിക്കുന്നതിലും യു ഡി എഫിന് അമര്‍ഷമുണ്ട്.
ഇതോടെ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മിനെതിരെ സി.പി.ഐക്ക് പുറമേ യു.ഡി.എഫിലും ശക്തമായ പ്രതിഷേധമാണുയരുന്നത്. സംയുക്ത പ്രതിഷേധം ഭരണ അട്ടിമറിയിലേക്ക് നീങ്ങിയാല്‍ സി.പി.എമ്മിന് പ്രതിപക്ഷ പദവി വഹിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."