'റിപബ്ലിക് ദിനത്തില്‍ കേരളത്തിലെ സ്കൂളില്‍ ഇസ്ലാമിക് കൊടി'; ലീഗ് റാലിയുടെ ചിത്രം ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ വ്യാജപ്രചരണം
കോഴിക്കോട്: മുസ്ലിം ലീഗിന്റെ പതാകയുമായി വിദ്യാര്‍ഥികള്‍ പ്രകടനം നടത്തുന്ന ചിത്രം ഉപയോഗിച്ച് സംഘ്പരിവാര്‍ വ്യാജ പ്രചാരണം. റിപബ്ലിക് ദിനത്തില്‍ കേരളത്തിലെ മുസ്ലിം വിദ്യാര്‍ഥികള്‍ വന്ദേമാതരം ബഹിഷ്കരിച്ച് ഇസ്ലാമിക പതാക ഉയര്‍ത്തി എന്നാരോപിച്ചാണ് സംഘ്പരിവാര്‍ ഉത്തരേന്ത്യയിലും മറ്റും വ്യാപകമായി പ്രചാരണം നടത്തുന്നത്.
വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്ന ഉത്തരേന്ത്യയിലെ ആള്‍ട്ട് ന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് 2013 മെയ് 17 ന് വോയ്സ് ഓഫ് ഇന്ത്യന്‍ മുസ്ലിംസ് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത മലപ്പുറത്തു നിന്നുള്ള ചിത്രമാണിതെന്ന് കണ്ടെത്തിയത്. സഞ്ജയ് ഗുപ്ത എന്നയാളാണ് വ്യാജപ്രചാരണത്തിന് ട്വിറ്ററിലൂടെ തുടക്കമിട്ടത്. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഇത് വന്‍തോതില്‍ പ്രചരിച്ചു. മുസ്ലിം ലീഗിന്റെ പതാകയുമായി വെള്ള വസ്ത്രം ധരിച്ച കുട്ടികള്‍ പ്രകടനം നടത്തുന്ന ചിത്രത്തിന്റെ യഥാര്‍ഥ പോസ്റ്റില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ ഭാവി തലമുറ എന്നാണ് തലവാചകം.
2014 ലും 2017 ലും മുസ്ലിം ലീഗിന്റെ ഇതേ പരിപാടിയുടെ ചിത്രം സംഘ്പരിവാര്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. 2014 ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ കേരളത്തില്‍ ഇസ്ലാമിക പതാക ഉയര്‍ത്തിയെന്നും വന്ദേമാതരം ബഹിഷ്കരിച്ചെന്നുമാണ് അന്ന് ശംഖ്നാദ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്ന പോസ്റ്റ്. 2017 ല്‍ കേശവ് മിശ്ര എന്നയാളുടെ ട്വിറ്റര്‍ പേജിലും വ്യാജ ചിത്രം പ്രചരിപ്പിച്ചു. ഈയിടെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടും വ്യാജ ചിത്രങ്ങള്‍ സൃഷ്ടിച്ച് സംഘ് പരിവാര്‍ നുണപ്രചാരണം നടത്തിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."