എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്നു തുടക്കം
മലപ്പുറം: ഇന്നു തുടങ്ങുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ജില്ലയില്‍നിന്നു പരീക്ഷയെഴുതുന്നത് 2,36,246 പേര്‍. എസ്.എസ്.എല്‍.സിക്കു പുറമേ പ്ലസ്ടു പരീക്ഷയ്ക്കിരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും ഇത്തവണയും ജില്ലയാണ് സംസ്ഥാനത്ത് ഒന്നാമത്.
80,260 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ജില്ലയില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. ഹയര്‍സെക്കന്‍ഡറി തലത്തില്‍ പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷകളും ഇതോടൊപ്പം ആരംഭിക്കുന്നുണ്ട്. ജില്ലയില്‍നിന്നു മാത്രം 1,55,986 പേര്‍ ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എച്ച്.എസ് എടരിക്കോടാണ്. 2,233 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ഹയര്‍സെക്കന്‍ഡറി തലത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് 986 പേരുള്ള തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്.
നാലു വിദ്യാഭ്യാസ ജില്ലകളുള്ള റവന്യൂ ജില്ലയില്‍ എസ്.എസ്.എല്‍സിക്കു കൂടുല്‍ പരീക്ഷാര്‍ഥികളുള്ളത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരീക്ഷാര്‍ഥികളുള്ള ഇവിടെ ഇത്തവണ 27,228 പേരാണ് പരീക്ഷയ്ക്കിരിക്കുന്നത്. കുറവ് പരീക്ഷാര്‍ഥികളുള്ളത് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ്. 16,241 പേര്‍. തിരൂരങ്ങാടയ്യില്‍ 20,619, തിരൂരില്‍ 16,532 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്നവരുടെ എണ്ണം.
പുതിയ പാഠപുസ്തകം ലഭിച്ച ശേഷം നടക്കുന്ന ആദ്യ എസ്.എസ്.എല്‍.സി പരീക്ഷയാണ് ഇന്നു തുടങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. പരീക്ഷാ ക്രമക്കേടു തടയാന്‍ പഴുതടച്ച സുരക്ഷയാണ് ജില്ലയിലെ കേന്ദ്രങ്ങളില്‍ ഒരിക്കിയിരിക്കുന്നത്. ജില്ലാ ഓഫിസുകളിലെത്തിച്ച ചോദ്യപ്പേപ്പറുകള്‍ കഴിഞ്ഞ ദിവസം അതാതു പ്രദേശത്തെ ബാങ്കുകളിലേയും സബ് ട്രഷറികളിലേയും സ്‌ട്രോങ് റൂമുകളിലേക്കു മാറ്റിയിരുന്നു. ഒരോ ദിവസവും ആവശ്യമായവ അതാതു ദിവസം സ്‌കൂളിലെത്തിക്കും. അധ്യയന വര്‍ഷം ആദ്യം മുതല്‍ മികച്ച മുന്നൊരുക്കം നടത്തിയ ജില്ലയ്ക്കു ഫലം വരുമ്പോള്‍ മികച്ച നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."