മാമ്പുഴ കൈയേറ്റം തിരിച്ചുപിടിക്കാന്‍ നടപടിയില്ലാതെ പഞ്ചായത്തുകള്‍
പെരുമണ്ണ: മാലിന്യവും കയേറ്റവും കൊണ്ട് ദിനംപ്രതി നശിച്ച് കൊണ്ടിരിക്കുന്ന മാമ്പുഴ സംരക്ഷണത്തിനു കൂട്ടായ പദ്ധതിക്ക് ജനകീയ പങ്കാളിത്തത്തോടെ ചെയ്യുന്ന ശുചീകരണ പരിപാടിയില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച എന്നീ യുവജന സംഘടനകളും നാട്ടുകാരും സജീവമായി രംഗത്തിറങ്ങുമ്പോയും മാമ്പുഴ കൈയേറ്റം തിരിച്ച് പിടിക്കാന്‍ നടപടിയില്ലാതെ പഞ്ചായത്തുകള്‍.
കഴിഞ്ഞ ജനുവരി മാസം മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകള്‍ക്ക് വിവരാവകാശം നല്‍കിയപ്പോള്‍ മാമ്പുഴയുടെ ഏക്കര്‍ കണക്കിന് ഭൂമി കയേറിയതില്‍ യാതൊരു ഭൂമിയും ഏറ്റെടുത്തില്ലെന്നും പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ചേര്‍ത്തില്ലെന്നും ഭരണസമിതിയുടെ നേതൃത്വത്തില്‍ മരത്തിന് നമ്പര്‍ മാത്രം നല്‍കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് അധികൃതരില്‍ നിന്ന് മറുപടി ലഭിച്ചത്.
ആരോഗ്യ രംഗത്തും ജലസംരക്ഷണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും പഞ്ചായത്തിന് വിപുലമായ അധികാരമുണ്ടായിട്ടും ബന്ധപ്പെട്ടവര്‍ ഇതിനെതിരെ നടപടി എടുക്കാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു.
പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന മാമ്പുഴയുടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായെങ്കിലും കയ്യേറ്റം കണ്ടെത്തി പുഴ സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. സര്‍വ്വേ വിഭാഗത്തില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല എന്ന സാങ്കേതിക കാരണമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
ഇതിനിടയില്‍ പുഴയോരത്തെ ഭൂമിയില്‍ തെങ്ങിന് നമ്പറിട്ടു പഞ്ചായത്തുകള്‍ കയ്യേറ്റം ഏറ്റെടുക്കുന്ന നടപടിക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ സര്‍വ്വേ റിപ്പോര്‍ട്ടില്ലാതെ നടത്തിയ ഈ പരിപാടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."