420 ലിറ്റര്‍ സ്പിരിറ്റുമായി കള്ളുഷാപ്പ് മാനേജരും സഹായിയും പിടിയില്‍
ഇരിങ്ങാലക്കുട: മേഖല കേന്ദ്രികരിച്ചുള്ള കള്ള് ഷാപ്പുകളിലേയ്ക്ക് വ്യാജ കള്ള് നിര്‍മിക്കാനായി സൂക്ഷിച്ചിരുന്നതെന്ന് കരുതുന്ന 420 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. വള്ളിവട്ടം ബ്രാലം പ്രദേശത്ത് പൂവത്തുംകടവ് ഷാപ്പ് മാനേജരെയും സഹായിയേയുമാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. 14 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് വള്ളിവട്ടം സ്വദേശി പൂവത്തുംകടവില് മാഹേഷി (39) ന്റെ വീട്ടില്‍ നിന്നും പിടികൂടിയത്. ഇയാളുടെ സഹായി മാപ്രാണം തളിയകോണം സ്വദേശി നടുവിലത്ത് വിനോദിന്റെ (44) വീട്ടില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പ് 10 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ രഹസ്യമായി നീരിക്ഷിച്ചു വരുകയായിരുന്ന എക്സൈസ് സംഘം മനോഹരന്റെ വീട്ടില്‍ സ്പിരിറ്റ് എത്തിച്ചുണ്ടെന്നു അറിഞ്ഞ് ഇന്നലെ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.
എക്സൈസ് കമ്മിഷണര്‍ക്ക് ഒരുമാസം മുന്‍പ് ലഭിച്ച മാപ്രാണം കേന്ദ്രികരിച്ച് കള്ള് ഷാപ്പുകളിലേയ്ക്ക സ്പിരിറ്റ് ഒഴുകുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കേരളത്തിനു പുറത്തു നിന്നും സ്പിരിറ്റ് എത്തിച്ചു ഷാപ്പുകളില്‍ വ്യാജകള്ള് നിര്മിക്കുന്നതിനായാണ് ഉപയോഗിക്കുന്നതെന്നാണു നിഗമനം. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വേലായുധന് കുന്നത്ത്, ഇന്‍സ്പെക്ടര്‍ എസ് ഷാജി, പ്രിവന്റീവ് ഓഫിസര്‍മാരായ ജിന്റോ ജോണ്‍, കെ.സി ആനന്ദന്, വി.എ ഉമര്‍, എക്സൈസ് ഓഫിസര്‍മാരായ നിഥിന്, വിപിന്‍, ഭാസ്കര്‍, അബ്ദുള്‍ ജബാര്‍, സ്വിന്‍, സുരേഷ്, ശ്രീജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."