മാള കെ.എസ്.ആര്‍.ടി.സി ഡിപ്പോ യാത്രക്കാര്‍ക്ക് നല്‍കുന്നത് ദുരിതം
മാള: മണിക്കൂറുകളോളം പെരുവഴിയില്‍ നിര്‍ത്തി മാള കെ.എസ്.ആര്‍.ടി.സി ഡിപ്പോ യാത്രക്കാരെ വലക്കുന്നു. എരവത്തൂര്‍ റൂട്ടില്‍ പതിവായി ഓടിയിരുന്ന ബസുകളില്‍ പലതും ഓടിക്കാതെയാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. ആലുവയില്‍ നിന്നും എരവത്തൂര്‍ വഴി മാളയിലേക്കും രാവിലെ തിരികെ ആലുവയിലേക്കുള്ളതുമായ ബസുകളാണ് ഓടിക്കാതിരിക്കുന്നത്. ഈ റൂട്ടില്‍ നാമമാത്രമായുള്ള സര്‍വിസുകളാണിവ. ആലുവയില്‍ നിന്നും രാവിലെ ഒന്‍പതിനു ശേഷമുള്ള 11 , 12 ഉച്ചക്ക് ശേഷം രണ്ട് സമയങ്ങളിലെ സര്‍വിസുകള്‍ ആണ് നിര്‍ത്തലാക്കിയത്. ഇതുകൂടാതെ മാളയില്‍ നിന്നും ആലുവയിലേക്ക പല സമയങ്ങളില്‍ ഉണ്ടായിരുന്ന സര്‍വിസുകളും നിര്‍ത്തലാക്കിയ നിലയിലാണ്.
മാളയില്‍ നിന്നും വൈകീട്ട് 5.25ന് ശേഷമുള്ള സര്‍വിസ് അടുത്ത ദിവസം രാവിലെ 6.25നാണ്. 5.25 ന് ശേഷമെത്തുന്ന യാത്രക്കാര്‍ വേറെ മാര്‍ഗം നോക്കണം. 10 രൂപ ബസ് ചാര്‍ജ്ജാകുന്നിടത്ത് അതിന്റെ കൂടെ 150, 160 രൂപ കൂടി ചെലവഴിച്ച് ഓട്ടോറിക്ഷക്കെത്തണം.
12 രൂപ നല്‍കേണ്ട സ്ഥാനത്ത് 200 രൂപയോളം ചെലവഴിച്ചാലേ കൊച്ചുകടവിലെത്താനാകൂ. അവിടം കഴിഞ്ഞ് പുന്നിലക്കാവ് അമ്പല പരിസരത്തും പാറക്കടവിലും മറ്റുമുള്ള യാത്രക്കാര്‍ പിന്നെയും തുക കൂട്ടി നല്‍കണം. ഇതിനിടയില്‍ ഉണ്ടായിരുന്ന സര്‍വിസുകള്‍ പലഘട്ടങ്ങളിലായി നിര്‍ത്തലാക്കിയത് കൂടാതെയാണ് അവശേഷിക്കുന്ന സര്‍വിസുകളും ഓടിക്കാതെ യാത്രക്കാരെ പെരുവഴിയിലാക്കുന്നത്. ആലുവയിലും എറണാകുളത്തും അങ്കമാലിയിലും ജോലി ചെയ്യുന്ന നഴ്‌സുമാരടക്കമുള്ളവര്‍ക്ക് ഷിഫ്റ്റനുസരിച്ചുള്ള ഡ്യൂട്ടിക്കു കയറണമെങ്കില്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് ബസ് സ്റ്റോപ്പുകളിലെത്തണം.
മാളയിലേക്കും അഷ്ടമിച്ചിറ, ആളൂര്‍, കൊടകര, തൃശൂര്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട തുടങ്ങിയ ഇടങ്ങളിലേക്കു ജോലിക്കു പോയി വരുന്ന യാത്രക്കാര്‍ക്ക് വീടുകളില്‍ എത്തണമെങ്കില്‍ ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം തുക ഇത്തരത്തില്‍ ഓട്ടോറിക്ഷക്കും മറ്റുമായി ചെലവഴിക്കണം. എറണാകുളം, ആലുവ, അങ്കമാലി തുടങ്ങിയേടങ്ങളില്‍ പണിയെടുക്കുന്നവരില്‍ പലരും ഇത്തരത്തില്‍ വളരെയേറെ യാത്രാദുരിതമനുഭവിച്ച് ഒടുവില്‍ ലോണെടുത്ത് ഇരുചക്രവാഹനങ്ങള്‍ വാങ്ങി.
ഇവ പാറക്കടവിലും അത്താണിയിലും മറ്റും വെച്ച് അവിടെ നിന്നും ബസിന് പോകുകയാണ്. ഇതിന് കഴിയാത്തവര്‍ നടന്നും മറ്റുള്ളവരുടെ വാഹനത്തില്‍ കയറിയും ഇത്തരത്തില്‍ തന്നെ ചെയ്യുന്നു.
സ്‌കൂളുകളിലേക്കും തിരികെയുമെത്തേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരേയും വലച്ചു കൊണ്ടാണ് മാള കെ.എസ്.ആര്‍.ടി.സിയിലെ ഉദ്യോഗസ്ഥരുടെ കള്ളക്കളികള്‍ തുടരുന്നത്. സ്വകാര്യ ബസ് മുതലാളിമാരില്‍ നിന്നും പണവും പാരിതോഷികങ്ങളും നേടാനായാണ് സര്‍വിസുകള്‍ ശരിയാംവണ്ണം ഓടിക്കാത്തതെന്നാണ് വ്യാപകമായി ഉയരുന്ന പരാതി.
ആവശ്യത്തിന് ബസുകളും ജീവനക്കാരും ഇല്ലെന്ന പതിവ് പല്ലവി തന്നെയാണ് മറുപടിയായി നല്‍കുന്നത്. വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ത്തുന്ന യാത്രക്കാര്‍ ഉന്നതാധികൃതര്‍ ഇക്കാര്യത്തിലിടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."