അരിമ്പ്ര അബൂബക്കര്‍ മുസ്‌ലിയാര്‍ വഴികാണിച്ച സൂഫീ ജീവിതം
ഇ.പി.അഹ്മദ് കുട്ടി മുസ്‌ലിയാര്‍
ആരാധനകളില്‍ മുഴുകിയും വിജ്ഞാന പ്രചാരണത്തിനു ജീവിതം വിനിയോഗിച്ചും സാത്വിക ജീവിതമാതൃകയായ മഹാപണ്ഡിതനും സൂഫിയുമായിരുന്നു പതിമൂന്നു വര്‍ഷം മുമ്പ് വിടപറഞ്ഞ അരിമ്പ്ര അബൂബക്കര്‍ മുസ്‌ലിയാര്‍. അരിമ്പ്ര ഉസ്താദ് എന്ന പേരിലാണ് അദ്ദേഹം മലബാറിലുടനീളം അറിയപ്പെട്ടത്.ദര്‍സ് നടത്തുക, മഹാന്‍മാരോടുള്ള ബന്ധം സ്ഥാപിക്കുക, ദിക്‌റിലും പ്രാര്‍ത്ഥനകളിലുമായി കഴിഞ്ഞുകൂടുക ഇതായിരുന്നു അരിമ്പ്ര ഉസ്താദിന്റെ ജീവിതം.ആരിഫീങ്ങളുടേയും ഔലിയാക്കളുടെയും സഹവാസത്തിലായി കഴിഞ്ഞു, ലളിത ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. മതപരമായ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.
ഇസ്്‌ലാമിക വിഷയങ്ങളിലെ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം അറബി ഭാഷാ രംഗത്തും പ്രതിഭാശാലിയായ പണ്ഡിതനാണ്. ചെറുപ്പം തൊട്ടേ ആത്മീയകാര്യങ്ങളിലായിരുന്നു സഹവാസം. ഉന്നതരായ പണ്ഡിതന്‍മാരുമായും സൂഫീവര്യന്‍മാരുമായും ബന്ധം പുലര്‍ത്തി പോന്നു. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ കക്കിടിപ്പുറം അബൂബക്കര്‍ മുസ്്‌ലിയാരാണ് അദ്ദേഹത്തിന്റെ ആത്മീയഗുരുവര്യര്‍. പ്രശസ്ത സൂഫീവര്യന്‍ തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാര്‍ അരിമ്പ്ര ഉസ്താദിന്റെ ശിഷ്യനാണ്.
നീണ്ടകാലം വയനാട് ജില്ലയിലായിരുന്നു അരിമ്പ്ര അബൂബക്കര്‍ മുസ്‌ലിയാരുടെ സേവന മേഖല. വയനാട് വാരാമ്പറ്റ മഖാം ഉള്‍പ്പടെ നിരവധി മഹല്ലുകളില്‍ അദ്ദേഹം ദര്‍സ് നടത്തിയി്ട്ടുണ്ട്.
സ്വദേശത്തോടു ചേര്‍ന്നു അരിമ്പ്ര മനങ്ങറ്റ, ചോലമുക്ക് ജുമാമസ്ജിദുകളിലും ദര്‍സ് നടത്തി. നിരവധി ശി്ഷ്യന്‍മാരെ വാര്‍ത്തെടുക്കുകയും ചെയ്തു. സൂഫീ ലോകത്ത് അരിമ്പ്ര ഉസ്താദിന്റെ താവഴിയില്‍ ജ്വലിച്ചുയര്‍ന്ന ശിഷ്യന്‍ തൃപ്പനച്ചി ഉസ്താദ്, വന്ദ്യഗുരുവിനോടും, ശിഷ്യനോട് അരിമ്പ്ര ഉസ്താദ് തിരിച്ചും വലിയ ആത്മീയ ബന്ധമാണ് തുടര്‍ന്നുപോന്നത്.
സംസാരത്തില്‍ മിതത്വം പാലിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. സദാ സമയവും ദിക്‌റുകളിലും ദൈവീക സ്മരണയിലുമായി കഴിഞ്ഞുകൂടി. അദ്ദേഹത്തിന്റെ ആശയ വിനിമയങ്ങള്‍ വിജ്ഞാന മുത്തുകള്‍ നിറഞ്ഞതായിരുന്നു. ഭൗതികമായ സംസാരങ്ങള്‍ക്കപ്പുറം ആത്മീയമായി നോക്കികാണാനും ഉപദേശിക്കാനുമായി അദ്ദേഹത്തിന്റെ സഹവാസം ഏറെ ഉപകാരപ്രദമാണ്. ഇടപഴകുന്നവരിലേക്ക് ആത്മീയ ദര്‍ശനം നല്‍കുന്ന സൂഫീ ജീവിതരീതിയിലെ ഈ പൊതുസ്വഭാവം അരിമ്പ്ര ഉസ്താദിന്റെ ജീവിതത്തിലുടനീളം ആര്‍ക്കും അനുഭവമായിരുന്നു.
തിരുനബി(സ്വ)സ്‌നേഹത്തിന്റെ വലിയൊരു സന്ദേശം അദ്ദേഹം ജീവിതത്തിലുടനീളം പുലര്‍ത്തിപ്പോന്നു. മൗലീദുകള്‍ പാരായണം ചെയ്യുന്നതില്‍ അതിയായ താല്‍പര്യംകാണിച്ചു. മൗലീദ് സദസുകളില്‍ നേതൃത്വം നല്‍കുകയും പാരായണം ചെയ്യുകയും ചെയ്യുന്നതോടൊപ്പം അത്തരം സദസുകളില്‍ പുലര്‍ത്തേണ്ട ആദരവ് കൂടിയായിരുന്നു അദ്ദേഹം പങ്കെടുക്കുന്ന സദസിന്റ സന്ദേശം.തിരുനബി(സ്വ)യുടെ ആശിഖായി ജീവിച്ച അദ്ദേഹം നബിതിരുമേനി(സ്വ)യെ പ്രകീര്‍ത്തിച്ചുകൊണ്ടു മൗലീദ് ഗ്രന്ഥവും രചിച്ചിട്ടുണ്ട്. 'ഫത്ഹുല്‍ വഹാബ്' എന്ന പേരിലാണ് ഈ മൗലീദ് ഗ്രന്ഥം രചിച്ചിട്ടുണ്ട്.
കണ്ണിയത്ത് അഹ്മദ് മുസ്്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുമായി അഭേദ്യമായ ആത്മീയ ബന്ധമായിരുന്നു അരിമ്പ്ര ഉസ്താദിന്റേത്.ശംസുല്‍ ഉലമായുടെ പേരില്‍ ഒരു മൗലീദ് അരിമ്പ്ര ഉസ്താദ് രചിക്കുകയുണ്ടായി.ഇസ്ലാമിക പാണ്ഡിത്യത്തില്‍ അഗാധ അറിവുള്ള പോലെ തന്നെ, അറബി സാഹിത്യത്തിലും ഉസ്താദിനുള്ള പ്രാവീണ്യം ഈ മൗലീദ് ഗ്രന്ഥങ്ങളിലൂടെ വ്യക്തമാണ്.കേരളത്തിലെ നിരവധി മഖാമുകളിലും, ദുആ സമ്മേളന വേദികളിലും, സമസ്തയുടേയും വിവിധ സ്ഥാപനങ്ങളുടേയും സമ്മേളനങ്ങളിലുമെല്ലാം അദ്ദേഹം പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. അല്ലാഹുവിന്റെ നാമങ്ങളായ അസ്മാഉല്‍ ഹുസ്‌ന പാരായണം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നത്.
അപാരമായ ലാളിത്യമാണ് ജീവിതത്തില്‍ അരിമ്പ്ര ഉസ്താദ് പുലര്‍ത്തിയത്. നിഷ്‌കളങ്കമായ പുഞ്ചിരിയോടെ എല്ലാവരേയും സ്വീകരിച്ചു. സ്‌നേഹവാല്‍സല്യത്തോടെ അവരുടെ ആവശ്യങ്ങള്‍ കേട്ടിരുന്നു. നിഷ്‌കളങ്കമായി അവര്‍ക്ക് വേണ്ടി ദുആ ചെയ്തു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വീടിനോടു ചേര്‍ന്ന സ്ഥലത്ത് മസ്ജിദ് റഹ്മാന്‍ ഉസ്താദ് നിര്‍മ്മിച്ചതാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് മസ്ജിദ് ഉദ്ഘാടനം ചെയ്തത്. പള്ളി നിര്‍മ്മിച്ചതോടെ ഉസ്താദ് സദാസമയവു അവിടെയാണ് ജീവിച്ചത്. പ്രാര്‍ത്ഥനക്കും മറ്റുമായി പരിപാടികളില്‍ പങ്കെടുത്തു രാത്രി വൈകിയും പള്ളിയില്‍ തന്നെ തിരിച്ചെത്തും. മസ്ജിദിനകത്ത് ആരാധനയില്‍ മുഴുകിയ ജീവിതം. അല്ലാഹുവിന്റെ പ്രീതിക്കായി ജീവിക്കുകയും ഖുര്‍ആന്‍ പാരായണത്തിലും ദിക്‌റിലും പ്രാര്‍ത്ഥനകളിലുമായി ജീവിതം മുന്നോട്ടു പോവുകയും ചെയ്തു. അദ്ദേഹം നിര്‍മ്മിച്ച മസ്ജിദില്‍ ഇപ്പോഴും ആ ആത്മീയ മന്ത്രധ്വനികളാല്‍മുഖരിതമാണ്. തന്റെ ശിഷ്യന്‍ കൂടിയായ പ്രസിദ്ധ സൂഫീവര്യന്‍ തൃപ്പനച്ചി മുഹമ്മദ് മുസ്്‌ലിയാര്‍ സ്മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളെജ് ഈ മസ്ജിദില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അരിമ്പ്ര പഴങ്ങരത്തൊടി ജുമാ മസ്ജിദിന്റെ മുന്‍വശത്താണ് അരിമ്പ്ര ഉസ്താദിന്റെ മഖാം സ്ഥിതിചെയ്യുന്നത്. നിരവധി പേര്‍ ഇവിടെ തീര്‍ത്ഥാടനത്തിനു എത്തുന്നു. എല്ലാവര്‍ഷവും മഖാമില്‍ ഉറൂസ് നടത്തിവരാറുണ്ട്. പതിമൂന്നാം ഉറൂസ് മുബാറക് സമാപന പ്രാര്‍ത്ഥനാ സമ്മേളനം വ്യാഴാഴ്ച വൈകീട്ട് ഏഴിനു തുടങ്ങും. മഹാന്‍മാരായ സാദാത്തുക്കളും മതപണ്ഡിതന്‍മാരും നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."