പ്രതിയെ എത്തിച്ചത് കനത്ത സുരക്ഷയില്‍; സൂചികുത്താനിടമില്ലാതെ കോടതിപരിസരം
പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ നൂറുകണക്കിന് ആളുകളാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്. ഉച്ചയോടെ ജനങ്ങളുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോടതിയിലേക്ക് കൊണ്ടുവരുന്ന മുനിസിപ്പല്‍ ലൈബ്രറി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും പൊലിസ് നിരോധിച്ചിരുന്നു. വന്‍ പൊലിസ് സന്നാഹമാണ് സുരക്ഷക്കായി കോടതി വളപ്പിലും പരിസരത്തും ഒരുക്കിയിരുന്നത്. വൈകീട്ട് കനത്ത മഴ പെയ്‌തെങ്കിലും തടിച്ചുകൂടിയ ജനം പിരിഞ്ഞ് പോകുവാന്‍ തയാറായിരുന്നില്ല. ജനങ്ങള്‍ പ്രകോപിതരാകാതിരിക്കാന്‍ പൊലിസ് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
ജനങ്ങളുടെ വികാരം മനസിലാക്കുന്നതിന് വേണ്ടി ആദ്യം ട്രയല്‍റണ്‍ നടത്തിയിരുന്നു. ഇതോടെ ജനങ്ങള്‍ ഇരച്ച് കയറാന്‍ ശ്രമിച്ചതോടെ പൊലിസ് ലാത്തി വീശി. ഒടുവില്‍ പ്രതിയുമായെത്തിയ വാഹന വ്യൂഹത്തെ കൂക്കിവിളികളോടേയും അസഭ്യ വര്‍ഷങ്ങളോടെയുമാണ് പൊതുജനം സ്വീകരിച്ചത്. ഇതിനിടെ പ്രതിയെ കൊണ്ടുവന്ന പൊലിസ് വാനിനു നേരെ കല്ലേറുണ്ടായി. ഇതോടെ പൊലിസ് വീണ്ടും ലാത്തി വീശുകയായിരുന്നു. തുടര്‍ന്ന് ചിതറിയോടിയ ജനം പൈലറ്റ് വാഹനത്തിന് നേരെ വന്നതോടെ നിയന്ത്രണം വിട്ട പൊലിസ് ജീപ്പ് അപകടത്തില്‍പെട്ടു. സമീപത്തെ മരത്തിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. കൂടാതെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലും പൊലിസ് ജീപ്പ് ഇടിച്ചു. മാധ്യമ പ്രവര്‍ത്തകരേയും അഭിഭാഷകരേയും മാത്രമാണ് കോടതി വളപ്പിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്. എന്നാല്‍ കോടതി വളപ്പില്‍ ഫോട്ടോ എടുക്കുന്നത് കോടതിയും പൊലിസും വിലക്കിയിരുന്നു. ഇത് ലംഘിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. ഇത് വാക്കേറ്റത്തിനിടവരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."