പിള്ളയ്ക്കു തിരിച്ചടി: വാളകം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി
കൊട്ടാരക്കര: കേരളാകോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകന്‍ ആര്‍.കൃഷ്ണകുമാറിനെ സര്‍വിസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരേ വിദ്യാഭ്യാസവകുപ്പ്.
സസ്‌പെന്‍ഷന്‍ നീട്ടാനുള്ള മാനേജ്‌മെന്റ് ശ്രമം തടഞ്ഞാണു ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ചുമതലയുള്ള പി.രംഗരാജന്‍ കൃഷ്ണകുമാറിനെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇതു ബാലകൃഷ്ണപിള്ളയ്ക്കു തിരിച്ചടിയായി. സസ്‌പെന്‍ഷനില്‍ നിന്ന 15 ദിവസം ജോലി ചെയ്തതായി പരിഗണിക്കാനും ഉത്തരവില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കൃഷ്ണകുമാര്‍ സ്‌കൂളിലെത്തി ജോലിയില്‍ പ്രവേശിച്ചു. കൃഷ്ണകുമാര്‍ വാളകം ആര്‍.വി.എച്ച്.എസ്.എസില്‍ ജോലി നേടിയത് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് സ്‌കൂള്‍ മാനേജര്‍കൂടിയായ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ഇക്കഴിഞ്ഞ രണ്ടിന് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തേ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് തേവന്നൂര്‍ കൃഷ്ണസദനത്തില്‍ ജി. ശ്യാംകുമാര്‍ ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
ഒഡിഷയിലെ ഉത്കല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി.എഡ് ഡിഗ്രി രേഖകളുടെ അടിസ്ഥാനത്തിലാണ് കൃഷ്ണകുമാര്‍ 1992ല്‍ ജോലിയില്‍ പ്രവേശിച്ചത്. ഉത്കല്‍ യൂനിവേഴ്‌സിറ്റിയിലെ റെഗുലര്‍ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും കൃഷ്ണകുമാര്‍ റെഗുലര്‍ കോഴ്‌സ് നടത്തിയിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. നിയമന സമയത്തോ അതിനു ശേഷമോ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം മുന്‍നിര്‍ത്തിയായിരുന്നു സസ്‌പെന്‍ഷന്‍. കൃഷ്ണകുമാര്‍ സര്‍വിസില്‍ ചേര്‍ന്നു കാല്‍നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ നിയമനം നല്‍കിയ മാനേജര്‍ തന്നെ നടപടിയുമായി എത്തിയത് ഏറെ വിവാദമായിരുന്നു. മാനേജരായ പിള്ളയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. കൃഷ്ണകുമാറിനെ അനുകൂലിച്ച് കെ.എസ്.ടി.എയും രംഗത്തെത്തിയതോടെയാണ് ഡി.ഇ.ഒ ഉത്തരവ് ഇറക്കിയത്.
വാളകം സംഭവത്തെ തുടര്‍ന്ന് കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയെയും ഈ സ്‌കൂളിലെ പ്രഥമാധ്യാപിക സ്ഥാനത്ത് നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ സസ്‌പെന്‍ഷന്‍ രണ്ടുവര്‍ഷം പിന്നിട്ടിട്ടും തുടരുകയാണ്. 2011 സെപ്തംബര്‍ 27നു രാത്രി 10നായിരുന്നു കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടത്. വാളകം എം.എല്‍ ജങ്ഷനിലാണ് പരുക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ സി.ബി.ഐ അന്വേഷണം നടത്തിയെങ്കിലും സംഭവത്തെപ്പറ്റി തുമ്പില്ലാതെ കേസ് ഫയല്‍ മടക്കുകയായിരുന്നു. കൃഷ്ണകുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ വിദ്യാഭ്യാസമന്ത്രിക്കു കത്തയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."