അടിയന്തിരപ്രമേയ നോട്ടിസ് അനുവദിച്ചില്ല; മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: സര്‍വകലാശാലകളിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ശേഷമാണ് സഭ ബഹിഷ്‌കരിച്ചത്. മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ചാന്‍സിലര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമായി അവഗണിച്ച സര്‍ക്കാര്‍ നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷത്തുനിന്ന് റോജി എം.ജോണ്‍, മഞ്ഞളാം കുഴി അലി, റോഷി അഗസ്റ്റി എന്നിവര്‍ അടിയന്തിരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. സര്‍ക്കാരിന് ഇത്തരമൊരു റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും പ്രമേയത്തിന് അടിയന്തിരസ്വഭാവമില്ലെന്നും പറഞ്ഞു സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. സര്‍ക്കാരിന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് സ്പീക്കറാണോ പറയേണ്ടത്, മന്ത്രിയല്ലേയെന്ന് ചോദിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവകാശവാദം ഉന്നയിച്ചെങ്കിലും സ്പീക്കര്‍ വാദങ്ങള്‍ തള്ളി. ഇതോടെ സഭയുടെ നടുത്തളത്തിലിറങ്ങി ബാനറുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം സ്പീക്കറുടെ നിലപാടിനെതിരേയും രംഗത്തുവന്നു. പ്രതിപക്ഷബഹളത്തെ അവഗണിച്ച് സഭാ നടപടികള്‍ തുടര്‍ന്നതോടെ സഭ ബഹിഷ്‌കരിച്ചുകൊണ്ട് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷ ആരോപണം നേരിടാന്‍ തയാറല്ലെന്നതിന്റെ സൂചനയാണ് അടിയന്തിരപ്രമേയനോട്ടിസിന് പോലും അനുമതി നല്‍കാത്ത നടപടിയെന്നും സര്‍ക്കാര്‍ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും പ്രതിപക്ഷനേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."