നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍; യോജിക്കാതെ പ്രതിപക്ഷം
തിരുവനന്തപുരം: കൊവിഡ് ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിചുരുക്കുന്ന കാര്യം പരിഗണിക്കാന്‍ ഇന്ന് നിയമസഭയുടെ കാര്യോപദേശക സമിതി ചേരും. രാവിലെ 8.30 ന് ചേരുന്ന കാര്യോപദേശക സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സമ്മേളനം വെട്ടിചുരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ സഭ വെട്ടിചുരുക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി കഴിഞ്ഞു. കൊവിഡ് പ്രതിരോധ വിഷയത്തില്‍ ആരോഗ്യമന്ത്രിക്കെതിരേ പ്രസ്താവനയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എത്തിയതും പ്രതിപക്ഷത്തിനെതിരേ ഒളിയമ്പുമായി മുഖ്യമന്ത്രി തന്നെ സഭയില്‍ എത്തിയതും കൊവിഡിലും രാഷ്ട്രിയം പ്രതിഫലിച്ചതിന് തെളിവായി.
സഭാസമ്മേളനം വെട്ടികുറക്കുന്നത് സംബന്ധിച്ച് സഭാ നേതാവായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നിയമസഭയില്‍ സൂചന നല്‍കിയത്. കൊവിഡ് വൈറസ് വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പ്രത്യേകം പ്രസ്താവന നടത്തിയപ്പോഴാണ് അനുബന്ധമായി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് ആശങ്കകള്‍ നില്‍ക്കുമ്പോള്‍ സഭ കൂടുന്നത് സംബന്ധിച്ച് പലരും വിളിച്ചു ചോദിച്ചുവെന്നും പി.സി ജോര്‍ജ് കഴിഞ്ഞദിവസം ഇക്കാര്യം സഭയില്‍ ഉന്നയിക്കുകയും ചെയ്തത് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി പ്രതിപക്ഷ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ ഇതുസംബന്ധിച്ച് സ്പീക്കര്‍ക്ക് നല്‍കിയ കത്തും എടുത്തുപറഞ്ഞുകൊണ്ടാണ് സമ്മേളനം വെട്ടികുറക്കുന്നത് ആലോചിക്കണമെന്ന് വ്യക്തമാക്കിയത്. ഇന്ന് കാര്യോപദേശക സമിതി ചേര്‍ന്ന് തീരുമാനത്തിലെത്താമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ സഭ ബഹിഷ്‌കരിച്ചു പുറത്തിറങ്ങിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സഭ വെട്ടിചുരുക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ജനങ്ങളുടെ ആശങ്കകള്‍ സഭയില്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. ഈ സമയത്ത് നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച കൂടാതെ ധനാഭ്യര്‍ഥന ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സഭ പിരിയുന്നത് ജനങ്ങളില്‍ കൂടുതല്‍ ഭീതി പരത്തും. ഇത് അനുവദിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം പോലും തുടരുന്ന സാഹചര്യത്തില്‍ കൊവിഡ് ഭീതിയുടെ മറവില്‍ നിയമസഭാ സമ്മേളനം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ ദുരുദ്ദേശമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. കെ.എന്‍.എ ഖാദര്‍ വ്യക്തിയെന്ന നിലയില്‍ നല്‍കിയതാണ് സഭ നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ച നോട്ടിസ് എന്നും പിന്നീട് കക്ഷി നേതാക്കളുടെ യോഗത്തില്‍ സഭാസമ്മേളനം തുടരാന്‍ തീരുമാനമായതാണെന്നുമാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. സ്പീക്കര്‍ വിളിച്ച അനൗപചാരിക യോഗത്തില്‍ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം ഇന്ന് ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ പ്രതിപക്ഷ വിയോജിപ്പോടെ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാനാണ് സാധ്യത.
മാര്‍ച്ച് 31 ന് മുന്‍പ് ധനകാര്യബില്‍ പാസാക്കണമെന്നതിനാല്‍ ബില്‍ നാളെ വേണമോ അതോ മറ്റൊരുദിവസം സഭ ചേരണമോയെന്നത് നാളെ തീരുമാനിക്കും. പ്രതിപക്ഷത്തെ കൂടി അനുനയിപ്പിച്ച് തീരുമാനം എടുക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ആശങ്കയിലായിരിക്കുന്ന ഘട്ടത്തില്‍ എം.എല്‍.എമാര്‍ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് വേണ്ടതെന്ന അഭിപ്രായത്തിലാണ് സര്‍ക്കാര്‍. പ്രശ്‌നങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സര്‍ക്കാര്‍ കൊവിഡിനെ മറയാക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സര്‍വകലാശാലകളിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മന്ത്രി കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള അടിന്തരപ്രമേയ നോട്ടിസ് തള്ളിയതാണ് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്. കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ നേട്ടമുണ്ടാക്കുന്നെന്ന പരാമര്‍ശം കെ.പി.സി.സി ഭാരവാഹിയോഗത്തില്‍ ഉയര്‍ന്നത് ചൂണ്ടികാട്ടി ഇത് സംസ്ഥാന താല്‍പര്യത്തിനെതിരാണെന്ന് സഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."