ഉ.കൊറിയ മുഴുവന്‍ ആണവകേന്ദ്രങ്ങളും തകര്‍ക്കും
വാഷിങ്ടണ്‍: തങ്ങളുടെ മുഴുവന്‍ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും തകര്‍ക്കുമെന്ന് ഉത്തര കൊറിയ വാഗ്ദാനം ചെയ്തതായി അമേരിക്ക. അമേരിക്കയുടെ പ്രത്യേക ഉ.കൊറിയന്‍ ദൂതന്‍ സ്റ്റീഫന്‍ ബീഗന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഒക്ടോബറില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഉ.കൊറിയ സന്ദര്‍ശിച്ചപ്പോഴാണ് കൊറിയന്‍ നേതാക്കള്‍ വാഗ്ദാനം നല്‍കിയത്. വെളിപ്പെടുത്തലിനെ കുറിച്ച് ഉ.കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ മാസം അവസാനത്തില്‍ രണ്ടാം ട്രംപ്-കിം കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് യു.എസ് ദൂതന്റെ വെളിപ്പെടുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഭാഷണങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് വ്യാഴാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഓവല്‍ വസതിയില്‍ നടത്തിയ പ്രസംഗത്തില്‍ രണ്ടാം ഉച്ചകോടിയുടെ കൃത്യമായ തിയതിയും വേദിയും പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു.
അഞ്ചുമാസത്തോളമായി ഉ.കൊറിയയിലെ അമേരിക്കന്‍ ദൂതനാണ് സ്റ്റീഫന്‍ ബീഗന്‍. കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ബീഗന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഉ.കൊറിയയുമായുള്ള പോര് അവസാനിപ്പിക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നുണ്ട്. അവരെ കീഴടക്കാനോ ഉ.കൊറിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാനോ അമേരിക്കയ്ക്കു പദ്ധതിയില്ല. എന്നാല്‍, സമ്പൂര്‍ണ ആണവ നിരായുധീകരണം പൂര്‍ത്തിയാക്കുംവരെ അവര്‍ക്കെതിരായ ഉപരോധം തുടരും-ബീഗന്‍ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മില്‍ ഇനിയൊരു കരാറില്‍ ഏര്‍പ്പെടുന്നതിനുമുന്‍പ് ഉ.കൊറിയ തങ്ങളുടെ മുഴുവന്‍ ആണവ സ്വത്തുക്കളുടെയും പൂര്‍ണമായ പട്ടിക കൈമാറണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. രണ്ടാം ഉച്ചകോടിയുടെ ഭാഗമായി നാളെ ബീഗന്‍ ദക്ഷിണ കൊറിയയിലേക്കു തിരിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ട്രംപും ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പങ്കെടുത്ത ഉച്ചകോടി സിംഗപ്പൂരില്‍ നടന്നത്. ഭരണത്തിലിരിക്കെ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്. ഉച്ചകോടിയില്‍ ഉ.കൊറിയ സമ്പൂര്‍ണ ആണവനിരായുധീകരണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതില്‍ പുരോഗതിയുണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് രണ്ടാം ഉച്ചകോടി എന്ന ആശയം ഉയര്‍ന്നത്. ഈ മാസം അവസാനത്തില്‍ കൂടിക്കാഴ്ചയുണ്ടാകുമെന്ന് നേരത്തെ ട്രംപ് അറിയിച്ചിട്ടുണ്ട്. വിയറ്റ്‌നാമാകും ഇതിനു വേദിയാകുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
തലസ്ഥാനമായ പ്യോങ്‌യാങ്ങിന്റെ വടക്കന്‍ മേഖലയിലുള്ള യോങ്ബിയോനിലുള്ള ഉ.കൊറിയയുടെ ആണവ സമ്പുഷ്ടീകരണകേന്ദ്രം പ്രശസ്തമാണ്. എന്നാല്‍, അപ്രഖ്യാപിതമായ ഒന്നിലേറെ ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ അവര്‍ക്കുണ്ടെന്നാണ് വിവരം. ഇവ തകര്‍ക്കുന്ന കാര്യം എങ്ങനെ സ്ഥിരീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."