സംസ്ഥാനത്ത് 2.54 കോടി വോട്ടര്‍മാര്‍
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,54,08,711 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,31,11,189 പേര്‍ വനിതകളും 1,22,97,403 പേര്‍ പുരുഷന്‍മാരുമാണ്.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ് (30,47,923). രണ്ടാമത് തിരുവനന്തപുരമാണ് (26,54,470). കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ടുമാസം കൊണ്ട് 3,43,215 വോട്ടര്‍മാര്‍ പുതുതായി പട്ടികയില്‍ ഇടംപിടിച്ചു. ഇതില്‍ 119 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം 18 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മാത്രമാണ് പട്ടികയിലുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വോട്ടര്‍മാരുള്ളത് കോഴിക്കോടാണ് (50 പേര്‍). തിരുവനന്തപുരത്ത് 41 പേരും തൃശൂരില്‍ 21 പേരും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തു.
വോട്ടര്‍മാരായ പ്രവാസി മലയാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 66,584 പ്രവാസികള്‍ പുതുതായി വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചു. കഴിഞ്ഞ ഒക്‌ടോബറില്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം 77,000 അപേക്ഷകളാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനായി ലഭിച്ചത്. ഇതില്‍ 43,339 പേരെ വിവിധ പരിശോധനകള്‍ക്കുശേഷം പുതുതായി ഉള്‍പ്പെടുത്തി. പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ളത് കോഴിക്കോടാണ് (22,241 പേര്‍). തൊട്ടടുത്ത് മലപ്പുറമുണ്ട് (15,298). മൂന്നാം സ്ഥാനത്ത് തൃശൂരാണ് (11,060).
18നും 19നും ഇടയില്‍ പ്രായമുള്ള 2,61,780 വോട്ടര്‍മാരാണ് പുതുതായി പേര് ചേര്‍ത്തത്. ഇതില്‍ മലപ്പുറമാണ് മുന്നില്‍ (46,700). തൊട്ടുപിന്നില്‍ കോഴിക്കോടാണ് (33,027). തൃശൂരില്‍ 23,784 പേരും പട്ടികയില്‍ പേര് ചേര്‍ത്തു. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ബി.എല്‍.ഒമാര്‍ നടത്തിയ പരിശോധനയില്‍ ഇരട്ടിപ്പുള്ളവരും മരിച്ചവരുമായ 1,15,000 പേരെ ഒഴിവാക്കി. സംസ്ഥാനത്ത് ആകെ 24,917 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്. കഴിഞ്ഞ തവണ 25,416 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവുകാരണം 510 പോളിങ് സ്റ്റേഷനുകള്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരമുണ്ടാകാനാണ് സാധ്യതയെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 2016ല്‍ 909 പ്രശ്‌നബാധിത ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതില്‍ 405 ബൂത്തുകളും കണ്ണൂരായിരുന്നു. കൂടാതെ 119 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരാതി പരിഹരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍
തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. എല്ലാ ജില്ലകളിലും തെരഞ്ഞെടുപ്പു കമ്മിഷന്‍ 1950 എന്ന ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചു. ഹെല്‍പ് ലൈന്‍ നമ്പറായ 18004251965 ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കും. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റില്‍ പരിശോധിക്കാം (([email protected]).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."