ഹാട്രിക് എ.ടി.കെ
മഡ്ഗാവ്: കൈയടിച്ചും കൂകി വിളിച്ചും ആവേശം പകരാന്‍ കാണികളില്ല, കൊവിഡ് മൂലം ഒഴിഞ്ഞ ഗ്യാലറിയെ സാക്ഷിനിര്‍ത്തി ഐ.എസ്.എല്ലിന്റെ ആദ്യ ഹാട്രിക് കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത ചരിത്രം കുറിച്ചു.
ഗ്രൂപ്പ് ഘട്ടത്തിലെ പതര്‍ച്ചയ്ക്ക് ശേഷം നോക്കൗട്ടില്‍ ഉയിര്‍ത്തെഴുന്നേറ്റ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു എ.ടി.കെ താരങ്ങളുടെ വിജയനൃത്തം.
സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജാവി ഹെര്‍ണാണ്ടസിന്റെ ഇരട്ടഗോളാണ് എ.ടി.കെയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. മറ്റൊരു സ്പാനിഷ് മിഡ്ഫീല്‍ഡര്‍ എഡ്വാര്‍ഡോ ഗാര്‍ഷ്യ എ.ടി.കെയുടെ അവശേഷിച്ച ഗോള്‍ കണ്ടെത്തിയപ്പോള്‍ നെരിജസ് വാല്‍സ്‌കിസ് ആണ് ചെന്നൈയുടെ ആശ്വസ ഗോളിനവകാശിയായത്. കൊല്‍ക്കത്തയുടെ ഇന്ത്യന്‍ ഗോളി അറിന്തം ഭട്ടാചാര്യയുടെ സൂപ്പര്‍ സേവുകളും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഗോളെന്നുറച്ച നാലു ഷോട്ടുകളാണ് താരം തട്ടിയകറ്റിയത്.
10ാം മിനുട്ടില്‍ നായകന്‍ റോയ് കൃഷ്ണയുടെ മനോഹരമായ പാസാണ് ചെന്നൈയിന്റെ പതനത്തിന് തുടക്കമിട്ടത്. റോയ് കൃഷ്ണയുടെ പാസ് സ്വീകരിച്ച് ജാവി ഹെര്‍ണാണ്ടസാണ് ചെന്നൈയിന്‍ വലയില്‍ ആദ്യത്തെ ഗോള്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് ചെന്നൈയിന്‍ സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലുംഗോള്‍കീപ്പര്‍ അരിന്തം ഭട്ടാചാര്യ വിലങ്ങു തടിയായി നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗാര്‍ഷ്യ കൂടി ലക്ഷ്യം കണ്ടതോടെ ചെന്നൈയിന്‍ വീണ്ടും സമ്മര്‍ദ്ദത്തിലായി. എന്നാല്‍ 69ാം മിനുട്ടില്‍ ലാല്‍ റിന്‍സുവാലയുടെ പാസില്‍ വാല്‍സ്‌കിനിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച് ചെന്നൈയിന്‍ കിരീടത്തിന് വെല്ലുവിളി ഉയര്‍ത്തി.
വീണ്ടും ഗോളടിച്ച് സമനിലയിലെത്താന്‍ 82ാം മിനുട്ടില്‍ വാല്‍സ്‌കിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരം ഹെഡ്ഡറിലൂടെ പന്ത് പുറത്തെത്തിച്ചതിന് വന്‍വില കൊടുക്കേണ്ടി വന്നു. 80 മിനുട്ടിന് ശേഷം പന്ത് കൊല്‍ക്കത്തന്‍ ഗോള്‍വലയ്ക്ക് സമീപം കളിച്ചു കൊണ്ടേയിരുന്നു. പക്ഷേ, അതൊന്നും ഗോളാക്കി മാറ്റാന്‍ ചെന്നൈയിന്‍ മുന്നേറ്റത്തിനായില്ല. ഒടുവില്‍ 93ാം മിനുട്ടില്‍ ഗോളിയില്ലാ പോസ്റ്റില്‍ തന്റെ ഇരട്ടഗോളും ടീമിന്റെ മൂന്നാം ഗോളും നേടി ഹെര്‍ണാണ്ടസ് ടീമിന് മൂന്നാം കിരീടവും സമ്മാനിച്ചു. മുന്‍പ് 2014ലും 2016ലുമാണ് കൊല്‍ക്കത്ത ഐ.എസ്.എല്‍ കിരീടം ചൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."