സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സുഖയാത്ര; രജിസ്ട്രാര്‍ക്കും കണ്‍ട്രോളര്‍ക്കും വാഹനമില്ല!
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ യാത്രാ സൗകര്യത്തിനായി രജിസ്ട്രാറുടെയും പരീക്ഷാ കണ്‍ട്രോളറുടെയും ഔദ്യോഗിക വാഹനം പിന്‍വലിച്ച നടപടി വിവാദമാകുന്നു. യു.ഡി.എഫ് ഭരണകാലത്തു നിയമിതരായ ഈ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള സി.പി.എം സിന്‍ഡിക്കേറ്റിന്റെ രാഷ്ട്രീയ അജന്‍ഡയാണിതെന്ന് ആരോപണമുയരുന്നുണ്ട്.
സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു സംഭവം. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യാന്‍ വാഹനമില്ലെന്ന പേരിലാണ് നടപടി. എന്നാല്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പലപ്പോഴും ദീര്‍ഘദൂര യാത്ര ചെയ്യേണ്ട ഈ ഉദ്യോഗസ്ഥര്‍ക്കു നിലവിലുള്ള വാഹനം നിഷേധിച്ചതുമൂലം പല പദ്ധതികളും അവതാളത്തിലാകും.
ഭരണകാര്യാലയത്തിലെ പൊതു ആവശ്യങ്ങള്‍ക്കു മാത്രമായി നിലവില്‍ അഞ്ചു വാഹനങ്ങളുണ്ടെങ്കിലും കാലപ്പഴക്കം കാരണമായ യന്ത്രത്തകരാറുകള്‍ കാരണം ഇവ ദിനേനയെന്നോണം വഴിയില്‍ തങ്ങുന്ന അവസ്ഥയാണ്. ഇക്കാര്യം ദിവസങ്ങള്‍ക്ക് മുന്‍പു സുപ്രഭാതം വാര്‍ത്തയാക്കുകയും കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
തുടര്‍ന്നു രണ്ടു പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനവുമായിട്ടുണ്ട്. ഔദ്യാഗിക വാഹനവും ഇവര്‍ക്കു കീഴില്‍ സ്ഥിരമായന്നോണം ഒരു ഡ്രൈവറെയും ലഭിച്ചിരുന്ന ഉദ്യോഗസ്ഥരായ രജിസ്ട്രാര്‍ക്കും കണ്‍ട്രോളര്‍ക്കും ഇനി മുതല്‍ ആവശ്യങ്ങള്‍ക്കായി ഭരണ കാര്യാലയത്തിലെ ഡ്രൈവര്‍മാരെ ആശ്രയിക്കേണ്ടിവരും. പുതിയ വാഹനങ്ങള്‍ എത്തിക്കഴിഞ്ഞാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."