മഴക്കാല മുന്‍കരുതലുമായി പൊതുമരാമത്ത് വകുപ്പ്
ചെറുതോണി: അപകടരഹിതവും സുരക്ഷിതവുമായ ഗതാഗതം സാദ്ധ്യമാക്കുന്നതിനായി ആവശ്യമായ മുന്‍കരുതലെടുക്കുന്നതിന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ സാന്നിദ്ധ്യത്തില്‍ച്ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനങ്ങള്‍ കൈക്കൊണ്ടു.
പ്രധാന റോഡുകളുടെ ഇരുവശങ്ങളിലുമുള്ള കാടുകള്‍ നീക്കം ചെയ്യുന്നതിനും വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും റോഡുകളുടെ വശങ്ങളിലൂടെയുള്ള ഓടകളിലെ തടസ്സങ്ങള്‍ നീക്കുന്നതിനും എം.എല്‍.എ. നിര്‍ദ്ദേശം നല്കി. ഇതോടൊപ്പം ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെയും വെള്ളക്കെട്ടുകള്‍ ഒഴിവാക്കും. മഴക്കാലത്തോടനുബന്ധിച്ച് പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായി നടപടി സ്വീകരിക്കും.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മലിന ജലം ഓടകളില്‍ക്കൂടി ഒഴുക്കി വിടുന്നത് തടയുന്നതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി സഹായം തേടും. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അടിയന്തിര അറ്റകുറ്റപ്പണികളും റോഡിന്റെ വശങ്ങളിലെ കാടും നിരത്ത് വിഭാഗം മുഖേനയും ദേശീയപാതയുടെ ഭാഗമായ കല്ലാര്‍കുട്ടി മുതല്‍ കട്ടപ്പന വരെയുള്ള പാതയുടെ നവീകരണം ദേശീയപാത അതോറിറ്റിയും നിര്‍വ്വഹിക്കും. അറക്കുളം - ചെറുതോണി റോഡ്, ഇടുക്കി - തങ്കമണി - ഇരട്ടയാര്‍ - കട്ടപ്പന റോഡ്, ചെറുതോണി - മണിയാറന്‍കുടി റോഡ്, കരിമ്പന്‍ - മുരിക്കാശ്ശേരി - കമ്പിളികണ്ടം - പാറത്തോട് റോഡ്, കല്ലാര്‍കുട്ടി - കമ്പിളികണ്ടം റോഡ്, ചേലച്ചുവട് - കഞ്ഞിക്കുഴി - വെണ്‍മണി റോഡ്, കട്ടപ്പന - കാഞ്ചിയാര്‍ റോഡ് തുടങ്ങിയ പ്രധാന രോഡുകളുടെ വശങ്ങളിലെ കാടുകളാണ് അടിയന്തിരമായി നീക്കം ചെയ്യുന്നത്. ഗവ. സ്ഥാപനങ്ങളുടെയും സ്‌കൂള്‍, കോളജ്, കലക്‌ട്രേറ്റ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന് നിര്‍ദ്ദേശം നല്കി.
റോഡുകളിലേക്ക് അപകടകരമായി നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പിനെ സമീപിക്കുന്നതിനും റോഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ മേല്‍നോട്ടത്തില്‍ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയുള്ള മോണിട്ടറിംഗ് കമ്മിറ്റി ആവശ്യമാണെന്നും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.റ്റി. അഗസ്റ്റിന്‍, ആന്‍സി തോമസ്, ഡോളി ജോയി, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.കെ. പ്രസാദ്, പൊതുമരാമത്ത് വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."