കോള്‍പ്പാടങ്ങളില്‍ മത്സ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് പഠനം
ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ #
പൊന്നാനി: കോള്‍പാടങ്ങള്‍ മത്സ്യ സമൃദ്ധമെന്ന് സര്‍വേഫലം. മുപ്പതിനായിരം ഏക്കറിലായി പരന്ന് കിടക്കുന്ന കോള്‍പ്പാടങ്ങള്‍ ഒട്ടേറെ മത്സ്യ ഇനങ്ങളുടെ കലവറ കൂടിയാണെന്ന് രണ്ട് ദിവസങ്ങളിലായി നടന്ന കോള്‍പ്പാടത്തെ മത്സ്യ സര്‍വെ വ്യക്തമാക്കുന്നു. ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി പനങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ഗവേഷകരാണ് കോള്‍പ്പാടത്തെ മത്സ്യ ഇനങ്ങളുടെ കണക്കെടുപ്പ് നടത്തിയത്.
കോള്‍പാടങ്ങളില്‍ 71 ഇനം മത്സ്യങ്ങളും അഞ്ചിനം ചെമ്മീനും നാലിനം ഞണ്ടുകളും രണ്ടിനം കക്കചിപ്പി വര്‍ഗ ജീവികളെയും സര്‍വേയില്‍ കണ്ടെത്തി. വയമ്പ്, വിവിധയിനം പരലുകള്‍, ചില്ലന്‍കൂരി, വാള, മഞ്ഞക്കൂരി, വരാല്‍, കടു, കോലാന്‍, ആരല്‍, മലഞ്ഞീന്‍, പൂട്ട, പൂഞ്ഞാന്‍, തുടങ്ങിയവയാണ് കോള്‍പ്പാടത്ത് സമൃദ്ധമായി കാണുന്ന ശുദ്ധജല മത്സ്യങ്ങള്‍. ഓരുജല മത്സ്യങ്ങളായ കരിമീന്‍, പള്ളത്തി എന്നിവയുടെ സജീവ സാന്നിധ്യവും കോള്‍പാടങ്ങളിലുണ്ട്.
ആറ് ഇനം വിദേശ മത്സ്യങ്ങളും കോള്‍പ്പാടത്തുണ്ട്. നൈല്‍ നദിയിലെ തിലാപ്പിയ, സക്കര്‍മൗത്ത് കാറ്റ് ഫിഷ് (സൗത്ത് അമേരിക്ക), മൊസാംബിക് തിലാപ്പിയ, ചൈനീസ് കാര്‍പ്പു മത്സ്യങ്ങളായ ഗ്രാസ്, കോമണ്‍, സില്‍വര്‍ കാര്‍പ്പുകള്‍ എന്നിവയാണ് കോള്‍പ്പാടങ്ങളില്‍ കണ്ടെത്തിയ വിദേശികള്‍. വിദേശ മത്സ്യ ഇനങ്ങളുടെ സാന്നിധ്യം കോള്‍പ്പാടങ്ങളില്‍ ഉണ്ടാകുന്നത് അപകടരമായ പ്രവണതയാണെന്ന് സര്‍വേക്ക് നേതൃത്വം നല്‍കിയ ഡോ. എം.കെ സജീവന്‍ പറഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ സ്വകാര്യ അക്വറിയങ്ങളില്‍ നിന്നും മീന്‍കുളങ്ങളില്‍ നിന്നും വന്ന് ചേര്‍ന്നതാവും ബഹുഭൂരിപക്ഷം വിദേശ മത്സ്യങ്ങളും എന്നാണ് കരുതുന്നത്. ഇത്തരം വിദേശ മത്സ്യങ്ങള്‍ തദ്ദേശിയ മത്സ്യങ്ങളുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥക്ക് ഭീഷണിയാണ്.
കോള്‍പ്പാടങ്ങളില്‍ പൊന്നാനി കോള്‍ മേഖലയാണ് മത്സ്യ സമൃദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നത്. 45 ഇനം മത്സ്യങ്ങളുടെ സാന്നിധ്യം ഈ പ്രദേശത്തെ പാടശേഖരങ്ങളില്‍ ഉള്ളതായി കണ്ടെത്തി. ഇത്തവണ ഏറ്റവും കുറവ് മത്സ്യ സാന്നിധ്യം രേഖപ്പെടുത്തിയത് അടാട്ട് കോള്‍ മേഖലയില്‍നിന്നാണ്.
ഫോറസ്റ്ററി കോളജിലെ അധ്യാപകരായ പി.ഒ നമീര്‍, കുഫോസിലെ അധ്യാപകരായ രാജീവ് രാഘവന്‍, അന്‍വര്‍ അലി, കെ. രഞ്ജിത്ത്, എസ്.എം റാഫി, അനു ഗോപിനാഥ്, എസ്. പ്രമീള എന്നിവര്‍ വിവിധ കോള്‍ പടവുകളിലെ മത്സ്യ സര്‍വേക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."