കൊറോണക്കെതിരെ മലയാളത്തിൽ ബോധവൽക്കരണവുമായി സഊദി ആരോഗ്യ മന്ത്രാലയം
റിയാദ്: കൊവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബോധവത്‌കരണ ലഘു ലേഖയിൽ മലയാളവും സ്ഥാനം പിടിച്ചു. രാജ്യത്തിന്റെ സകല മേഖലകളിലൂടെ ലക്ഷക്കണക്കിന് മലയാളികൾക്കിടയിൽ ബോധവത്‌കരണം ലക്ഷ്യമാക്കിയാണ് സഊദി ആരോഗ്യ മന്ത്രാലയം മലയാളത്തിൽ ലഘുലേഖ പുറത്തിറക്കിയത്. രാജ്യത്ത് തൊഴിലെടുക്കുന്ന വിവിധ വിദേശ രാജ്യക്കാർക്ക് ഉപകരിക്കുന്ന രീതിയിൽ വ്യത്യസത ഭാഷകളിൽ ബോധവത്കരണം നടത്തുന്നതിന്റെ കൂട്ടത്തിലാണ് മലയാള ഭാഷയും ഇടം പിടിച്ചത്.
വൈറസ് ബാധ വ്യാപിക്കുന്ന മാർഗ്ഗങ്ങൾ, ലക്ഷണങ്ങൾ, എടുക്കേണ്ട മുൻകരുതൽ, വൈറസ് രോഗ ലക്ഷണം സംശയിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ എന്നിങ്ങനെ വിവിധ തലക്കെട്ടുകളിലാണ് കാര്യങ്ങൾ വിശദീകരിച്ചുള്ള ലഘുലേഖ പുറത്തിറക്കിയത്. രോഗലക്ഷണങ്ങൾ പ്രകടമാവുകയോ കൊറോണ പടർന്നുപിടിച്ച ഏതെങ്കിലും രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ സന്ദർശനം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ 937 എന്ന ആരോഗ്യ മന്ത്രാലയത്തിെൻറ ടോൾഫ്രീ നമ്പറിൽ വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വാട്ട്സ്ആപ്പ് അടക്കമുള്ള മലയാളികളുടെ വിവിധ സമൂഹ മാധ്യമ ഗ്രൂപ്പുകളിലും മറ്റും ലഘുലേഖ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."