സി.എം അബ്ദുല്ല മൗലവി വധം: സി.ബി.ഐയുടെ നിസ്സംഗതക്കെതിരേ പ്രക്ഷോഭം ശക്തമാക്കി സമസ്ത
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കാണിക്കുന്ന നിസ്സംഗതക്കെതിരേ പ്രക്ഷോഭം ശക്തമാക്കി ജില്ലാ സമസ്തയും കീഴ്ഘടങ്ങളും. ഈമാസം 28ന് സമസ്ത കേന്ദ്ര മുശാവറയുടെ നേതൃത്വത്തില്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തില്‍ ജില്ലയില്‍നിന്ന് പരമാവധി ആളുകളെ പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്നലെ സമസ്ത ജില്ലാ മുശാവറയുടെ നേതൃത്വത്തില്‍ കാസര്‍ക്കോട് സിറ്റി ടവര്‍ ഹാളില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയിലെ മഹല്ലുകളില്‍ കോഴിക്കോട്ടെ മഹാസംഗമത്തിന്റെ സന്ദേശങ്ങള്‍ എത്തിക്കും. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ സമരം ചെയ്യാനുള്ള തീരുമാനവും യോഗത്തിലുണ്ടായി. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സി.ബി.ഐ കേസന്വേഷണമെന്ന നാടകം നടത്തി രണ്ടുതവണ അന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതി കോടതിയില്‍ തേടിയിരുന്നു. എന്നാല്‍ സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് രണ്ടുതവണയും കോടതി തള്ളിയിട്ടും കേസില്‍ പുനരന്വേഷണം നടത്താതെ സി.ബി.ഐ കാണിക്കുന്ന നിസ്സംഗതയില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍അസ്ഹരി അധ്യക്ഷനായി. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ, ഖാസിം മുസ്‌ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, എം.എസ് തങ്ങള്‍ മദനി, ചുഴലി മുഹ്‌യിദ്ദീന്‍ മൗലവി, കല്ലട്ര അബ്ബാസ് ഹാജി, മജീദ് ബാഖവി, സിദ്ദീഖ് നദ്‌വി, അബൂബക്കര്‍ സാലൂദ് നിസാമി, ടി.പി അലി ഫൈസി, മുബാറക് ഹസൈനാര്‍ ഹാജി, ഹാരിസ് ദാരിമി ബെദിര, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഐ.പി മുഹമ്മദ് ഫൈസി സംസാരിച്ചു. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ, മണ്ഡലംതല ഭാരവാഹികളും നേതാക്കളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."