ഓഖി: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം: വി.എസ് ശിവകുമാര്‍
തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായം വച്ചുതാമസിപ്പിക്കുകയാണെന്ന് വി.എസ് ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു.
ദുരിതബാധിതരായ 109 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആകെ 42 പേര്‍ക്കാണ് ഇതുവരെ ജോലി നല്‍കിയത്. അതും ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഇവര്‍ക്കിടയില്‍ 120 ഓളം ബിരുദധാരികളുണ്ടായിട്ടും അവര്‍ക്ക് സ്ഥിരജോലി നല്‍കാനുള്ള യാതരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.
വീടുനഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കണം. ജപ്തി ഭീഷണിയുള്ളവരെ സഹായിക്കാനായ അടിയന്തരമായി അഞ്ചുകോടി രൂപ അനുവദിക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പ്രതിപക്ഷം കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ മറുപടി പറഞ്ഞു. ഓഖി ബാധിതരുടെ കുടുംബത്തിന് മനുഷ്യസാധ്യമായതെല്ലാം ചെയ്‌തെന്നും മാതൃകാപരമായാണ് ഈ ദുരന്തത്തെ സംസ്ഥാനം അതിജീവിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടായിരം കോടിയുടെ ഓഖി പാക്കേജില്‍ 900 കോടി രൂപയുടെ പദ്ധതികള്‍ വിവിധ ഘട്ടത്തിലാണെന്നും ശിവകുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."